Sub Lead

മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട്, താടിവടിച്ച് അടിവസ്ത്രത്തില്‍ മുളക് വിതറി ക്രൂരമര്‍ദ്ദനം

മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട്, താടിവടിച്ച് അടിവസ്ത്രത്തില്‍ മുളക് വിതറി ക്രൂരമര്‍ദ്ദനം
X

ഭുവനേശ്വര്‍: മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ മുസ് ലിം യുവാക്കള്‍ക്ക് അതിക്രൂരമര്‍ദ്ദനം. ആട്ടിറച്ചി കൊണ്ടുപോവുകയായിരുന്ന മുസ് ലിം യുവാക്കളുടെ വാഹനം തടഞ്ഞ് വസ്ത്രം അഴിച്ചുമാറ്റുകയും കയറില്‍ കെട്ടി മാലിന്യക്കൂമ്പാരത്തിലൂടെ നടത്തിക്കുകയും താടിവടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 17ന് നടന്ന അക്രമങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഭുവനേശ്വറിലെ വസതിക്ക് സമീപമാണ് 500ഓളം ഹിന്ദുത്വര്‍ അഴിഞ്ഞാടിയത്. 24കാരനായ ഇര്‍ഷാദ് അഹമ്മദ്, അമ്മാവന്‍ 30കാരനായ അബുസര്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. ഇരുവരും ആട്ടിറച്ചി കൊണ്ടുപോവാന്‍ ട്രക്ക് നിര്‍ത്തിയപ്പോഴാണ് ആക്രമിച്ചതെന്ന് 24 കാരനായ ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു. ആദ്യം, തടിച്ചുകൂടിയവര്‍ ഞങ്ങളുടെ ട്രക്കില്‍ എന്താണെന്ന് അന്വേഷിച്ചു. പക്ഷേ മറുപടി പറയുന്നതിനു മുമ്പ് തന്നെ ആക്രമണം തുടങ്ങി. ലൈസന്‍സ് ഉള്‍പ്പെടെ കാണിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ഏകദേശം 500 പേരടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. അവര്‍ ഞങ്ങളുടെ ട്രൗസര്‍ ബലമായി അഴിച്ചുമാറ്റി. ഞങ്ങളെ കയറുകൊണ്ട് ബന്ധിച്ചു. മാലിന്യക്കൂമ്പാരങ്ങളിലൂടെ നടത്തിച്ചു. ബ്ലേഡ് ചൂണ്ടി, ഞങ്ങളുടെ മുഖത്തിന്റെ ഒരു വശത്ത് നിന്ന് താടി വെട്ടിമാറ്റാന്‍ തുടങ്ങി, 'ജയ് ശ്രീറാം' പോലുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിച്ചു. ആദ്യം ഞങ്ങള്‍ എതിര്‍ത്തെങ്കിലും ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ വഴങ്ങിയെന്നും ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു.

ബലമായി താടി വെട്ടുന്നത് വാക്കേറ്റത്തിന് കാരണമായതായി മുഹമ്മദ് അബുസറും പറഞ്ഞു. ഞങ്ങളുടെ ട്രൗസറുകള്‍ ബലമായി അഴിച്ചുമാറ്റി അടിവസ്ത്രത്തില്‍ മുളകുപൊടി വിതറി. കയറുകൊണ്ട് കെട്ടിയിട്ടപ്പോള്‍ വായില്‍ ചെരുപ്പ് കുത്തിക്കയറ്റാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയാണ്, പാകിസ്താനല്ല! നിങ്ങള്‍ പാകിസ്താനില്‍ നിന്ന് ഇവിടെ വന്ന് ഞങ്ങളുടെ വിശുദ്ധ മൃഗത്തെ അറുക്കുന്നു എന്ന് ആള്‍ക്കൂട്ടം അട്ടഹസിച്ചിരുന്നതായും അബുസര്‍ പറഞ്ഞു. സംഭവസ്ഥലത്ത് പോലിസ് എത്തിയെങ്കിലും ജനക്കൂട്ടം അവര്‍ക്കെതിരേയും ആക്രമണം അഴിച്ചുവിട്ടപ്പോള്‍ പോലിസുകാര്‍ ഓടിരക്ഷപ്പെട്ടതായും അല്‍പ സമയത്തിന് ശേഷം മറ്റൊരു പോലിസ് വാന്‍ എത്തിയതായും മുഹമ്മദ് അബുസര്‍ പറഞ്ഞു. എന്നാല്‍, ഞങ്ങളെ വാഹനത്തില്‍ കയറ്റാതെ കാല്‍നടയായി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവണമെന്ന് അക്രമികള്‍ നിര്‍ബന്ധിച്ചു. അവര്‍ ബലമായി ഞങ്ങളുടെ വാഹനത്തില്‍ കയറി കൊള്ളയടിച്ചു. പഴ്‌സും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. ഭാഗ്യവശാല്‍, ഞങ്ങളുടെ ശരീരം മറയ്ക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു തുണി ആരോ ഞങ്ങള്‍ക്ക് നല്‍കിയെന്നും ബാക്കിയെല്ലാം കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഇരുമ്പുവടി കൊണ്ട് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് എന്നെ ചികില്‍സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇത് തന്റെ അവസാന ദിവസമായിരിക്കുമെന്ന് താന്‍ ഭയപ്പെട്ടിരുന്നു. ആ നിമിഷം ഞാന്‍ അല്ലാഹുവിനെ ഓര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. അക്രമികളില്‍ ചിലര്‍ അര്‍ഷാദിന്റെ സഹോദരന്‍മാരുടെ സുഹൃത്തുക്കളായിരുന്നു എന്നത് ഞെട്ടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പരിചയം പുതുക്കി അവരോട് കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും അവരും ആക്രമണത്തില്‍ പങ്കുചേരുകയും നിഷ്‌കരുണം മര്‍ദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അര്‍ഷാദിന്റെ അമ്മാവന്‍ പോലിസ് പരാതി നല്‍കി. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ കേസെടുത്തതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായുമാണ് പോലിസ് പറയുന്നത്. കൊലപാതകശ്രമം, കൊള്ളയടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയതെന്നും പോലിസ് പറഞ്ഞു. എന്നാല്‍, താടിയും മുടിയും മുറിച്ചെന്നത് തെറ്റാണെന്നാണ് പോലിസ് ഭാഷ്യമെങ്കിലും ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഇക്കാര്യം വ്യക്തമാവുന്നതായി ദി ഒബ്‌സര്‍വര്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it