Sub Lead

ബിഹാറില്‍ മുസ് ലിം യുവാവിനെ തല്ലിക്കൊന്നു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ബിഹാറില്‍ മുസ് ലിം യുവാവിനെ തല്ലിക്കൊന്നു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
X


ഗയ: ബിഹാറില്‍ മോഷണക്കുറ്റം ആരോപിച്ച് മൂന്ന് മുസ് ലിം യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 28 വയസ്സുകാരനായ മുഹമ്മദ് ബാബറാണ് കൊല്ലപ്പെട്ടത്. എന്നാല്‍, യുവാക്കള്‍ നിരപരാധികളാണെന്നും മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസ് ചുമത്തിയതാണെന്നും ഇരകളുടെ കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിച്ചു. ബിഹാറിലെ ഗയ ജില്ലയിലെ ബരാചട്ടി ബ്ലോക്കില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഗ്രാമവാസികള്‍ യുവാക്കളെ പിടികൂടിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയും മോഷ്ടാക്കളാണെന്നു പറഞ്ഞ് പോലിസിന് കൈമാറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാബര്‍ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സാജിദിന്റെയും റഖ്മുദ്ദീനിന്റെയും നില അതീവഗുരുതരമായി തുടരുകയാണ്. നേരത്തെ അനുഗ്രഹ് നാരായണ്‍ മഗധ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ നില ഗുരുതരമായതിനാല്‍ പട്‌നയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.



യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി യെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. കൊലപാതകത്തില്‍ ക്ഷുഭിതരായ നാട്ടുകാരും കുടുംബാംഗങ്ങളും ബെലഗഞ്ചിലെ റാംപൂര്‍ മോര്‍ റോഡ് തടഞ്ഞു. എന്നാല്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാമെന്ന് ഭരണകൂടം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം തുറന്നുകൊടുത്തു. സംഭവത്തില്‍ സിപിഐ എംഎല്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ കുമാര്‍, ജില്ലാ കമ്മിറ്റി അംഗവും ബെലഗഞ്ച് മാലെ നേതാവുമായ മുന്ദ്രിക റാം, എഐഎസ്എ നേതാവ് മുഹമ്മദ് ഷെര്‍ജഹാന്‍ തുടങ്ങിയവര്‍ ശക്തമായി അപലപിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും 20 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മര്‍ദ്ദനമേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തവര്‍ക്ക് ക്രിമനല്‍ പശ്ചാത്തലമുണ്ടെന്നാണ് ഗയ പോലിസ് പറയുന്നത്. ഇവരുടെ വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it