Sub Lead

ബിഹാറില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു (വീഡിയോ)

ബിഹാറില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു (വീഡിയോ)
X

പട്‌ന: ബിഹാറില്‍ മുസ്‌ലിം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു. പശു സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന ഒരുസംഘമാണ് കൃത്യത്തിന് പിന്നിലെന്ന് സൂചന നല്‍കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കൃത്യത്തിന് ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ഒരു കുഴിയിലിട്ട് മൂടുകയും ചെയ്തു. സമസ്തിപൂര്‍ ജില്ലയിലെ ജെഡിയു പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് ഖലീല്‍ ആലമാണ് കൊല്ലപ്പെട്ടത്. യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

തന്നെ വെറുതെ വിടണമെന്ന് യുവാവ് കൈകൂപ്പി അക്രമികളോട് അപേക്ഷിക്കുന്നതിന്റെ ദയനീയമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എവിടെ വച്ചാണ് പശുക്കളെ കൊന്നതെന്നും സ്ഥലങ്ങള്‍ വെളിപ്പെടുത്തണമെന്നും ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണമെന്നും അക്രമിസംഘം യുവാവിനെ നിര്‍ബന്ധിക്കുന്നുണ്ട്. ജീവിതത്തില്‍ എത്രത്തോളം ബീഫ് കഴിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്‍കിയിരുന്നോ എന്നും സംഘം ആക്രോശിക്കുന്നു. മാത്രമല്ല, പശു ഇറച്ചി കഴിക്കാന്‍ മുസ്‌ലിംകളുടെ വേദഗ്രന്ഥമായ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോയെന്നും സംഘം ചോദിക്കുന്നു. എന്നാല്‍ ഇതിന് 'ഇല്ല' എന്നായിരുന്നു മറുപടി. അക്രമികളുടെ ശബ്ദം കേള്‍ക്കാമെങ്കിലും മുഖം വീഡിയോയില്‍ വ്യക്തമല്ല.

തല്ലിക്കൊന്നതിന് ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാനും സംഘം ശ്രമിച്ചു. വേഗം അഴുകാന്‍ വേണ്ടി ഉപ്പ് വിതറിയാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലിസില്‍ പരാതി നല്‍കി നാല് ദിവസത്തിനുശേഷമാണ് മൃതദേഹം ബുര്‍ഹി ഗന്ദക് നദിയുടെ തീരത്തുനിന്ന് കണ്ടെടുക്കുന്നത്. ലോക്കല്‍ പോലിസ് പറയുന്നതനുസരിച്ച് യുവാവിന്റെ കുടുംബാംഗങ്ങള്‍ ഫെബ്രുവരി 16നാണ് പരാതി നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവാവിന്റെ മൊബൈല്‍ നമ്പറില്‍നിന്ന് പണം ആവശ്യപ്പെട്ട് അവര്‍ക്ക് കോളുകള്‍ ലഭിച്ചു.

അഞ്ച് ലക്ഷം രൂപ കടം വാങ്ങിയെന്നും വീട്ടുകാര്‍ പണം നല്‍കാന്‍ താമസിച്ചാല്‍ വൃക്ക വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിളിച്ചയാള്‍ പറഞ്ഞതായി പോലിസ് പറയുന്നു. ഫെബ്രുവരി 19ന് വൈകീട്ടാണ് നദീതീരത്തുനിന്ന് മണലില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കണ്ടെത്തിയത്. വീഡിയോ പുറത്തുവന്നതോടെയാണ് പശുവിന്റെ പേരിലാണ് കൊല നടന്നിരിക്കുന്നതെന്ന സംശയം ഉയര്‍ന്നത്.

എന്നാല്‍, കൊലപാതകത്തിന് വര്‍ഗീയ നിറം നല്‍കാനും ശ്രദ്ധതിരിക്കാനും വേണ്ടിയാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് പോലിസിന്റെ വാദം. പശുവിന്റെ പേരിലാണ് ഹിന്ദുത്വര്‍ കൊല നടത്തിയതെന്ന ആരോപണവും ലോക്കല്‍ പോലിസ് തള്ളിക്കളയുന്നു. കൊലപാതകം മറച്ചുവയ്ക്കാനുള്ള വഴിതിരിച്ചുവിടല്‍ തന്ത്രമാണ് ആരോപണത്തിന് പിന്നിലെന്ന് പോലിസ് പറയുന്നു. കൊലപാതകത്തിന് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ കടന്നാക്രമിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തുവന്നു.

കൊലപാതകത്തെക്കുറിച്ചുള്ള ഹിന്ദു പത്രത്തിലെ റിപോര്‍ട്ടിന്റെ പകര്‍പ്പ് ട്വീറ്റ് ചെയ്തായിരുന്നു വിമര്‍ശനം. ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ ക്രമസമാധാനം പൂര്‍ണമായും ഇല്ലാതായി. ജെഡിയു നേതാവായിരുന്ന മുസ്‌ലിം യുവാവിനെ മര്‍ദ്ദിക്കുകയും ജീവനോടെ കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തു. എന്തുകൊണ്ടാണ് ബിഹാറില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. എന്തിനാണ് ജനങ്ങള്‍ എന്ന് നിതീഷ് കുമാര്‍ ഞങ്ങളോട് പറയണം. നിയമം കൈയിലെടുക്കാമോ ?' അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it