കോണ്‍ഗ്രസിലെ തമ്മിലടിയില്‍ മുസ്ലിം ലീഗിന് അതൃപ്തി; എംഎല്‍എമാരുടെ നിര്‍ണായക യോഗം ചേര്‍ന്നു
കോഴിക്കോട്: ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയില്‍ മുസ്ലിം ലീഗിന് അതൃപ്തി. പാര്‍ട്ടിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് മുസ്ലിം ലീഗ്. പാര്‍ട്ടിയിലെ തമ്മിലടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ലീഗ്, അലോസരപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളന്നതെന്ന് അഭിപ്രായപ്പെട്ടു. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയില്‍ മുന്നേറുന്ന 'തരൂര്‍ പോര്' ഉടന്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസിനോട് ലീഗ് ഔദ്യോഗികമായി ആവശ്യപ്പെടും.
ശശി തരൂര്‍, ഗവര്‍ണര്‍ക്കെതിരായ ബില്ല് തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി മുസ്ലിം ലീഗ് പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. നിയമസഭയില്‍ ഉന്നയിക്കേണ്ട ചില കാര്യങ്ങളില്‍ മുസ്ലിം ലീഗിന് പാര്‍ട്ടിയുടേതായ അഭിപ്രായമുണ്ടെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് എംഎല്‍എമാരുടെ നിര്‍ണായക യോഗം മലപ്പുറത്ത് ചേര്‍ന്നു. ആദ്യമായാണ് എംഎല്‍എമാരുടെ പ്രത്യേക യോഗം ലീഗ് വിളിച്ചുചേര്‍ക്കുന്നത്.
ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിനുളളിലെ വിഭാഗീയത പ്രധാന വിഷയമായി. മുസ്ലിം ലീഗിന് ലീഗിന്റേതായ അഭിപ്രായമുണ്ടെന്ന് യോഗത്തിനുശേഷം പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രശ്നങ്ങള്‍ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നു. പ്രശ്നങ്ങള്‍ അലോസരപ്പെടുത്തുന്നതാണ്. വിഷയത്തില്‍ പ്രശ്നപരിഹാരം ഉടന്‍ വേണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗിന്റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ അവതരിപ്പിക്കും.
നിര്‍ണായക ഘട്ടങ്ങളില്‍ ഇത്തരം യോഗങ്ങള്‍ ചേരാറുണ്ടെന്നായിരുന്നു യോഗത്തിന് മുമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിശദീകരണം. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന് നിലപാടുണ്ടെന്നും യോഗത്തിലെ തീരുമാനം യുഡിഎഫിനെ അറിയിക്കുമെന്നും പി എം എ സലാം പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരുന്ന സുപ്രധാന ബില്ലുകളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ലീഗ് നേതാക്കളുടെയും എംഎല്‍എമാരുടെയും യോഗം ചേര്‍ന്നത്.
ശശി തരൂര്‍ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. അത് സംബന്ധിച്ച് ലീഗ് യോഗത്തില്‍ ചര്‍ച്ചകളുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. യുഡിഎഫില്‍ അഭിപ്രായ സമന്വയമുണ്ടാക്കി വിഷയങ്ങള്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ലീഗ് എംഎല്‍എമാരുടെയും ഹൈപവര്‍ കമ്മിറ്റി അംഗങ്ങളുടെയും അസാധാരണ യോഗം വിളിച്ചത്.
ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ എതിര്‍ക്കുമെന്ന കോണ്‍ഗ്രസ് നിലപാടില്‍ ലീഗ് അതൃപ്തി പരസ്യമാക്കിയതാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നാളെ സഭാസമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യുഡിഎഫ് യോഗത്തില്‍ ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കും. അതേസമയം, ലീഗിന് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപിയുടെ പ്രതികരണം.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT