Sub Lead

ബലി മൃഗങ്ങളെ ബലമായി പിടിച്ചെടുത്ത് യുപി പോലിസ്; രൂക്ഷ പ്രതികരണവുമായി മുസ്‌ലിം നേതൃത്വം

മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സംസ്ഥാന ബിജെപി സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ബലി മൃഗങ്ങളെ ബലമായി പിടിച്ചെടുത്ത് യുപി പോലിസ്; രൂക്ഷ പ്രതികരണവുമായി മുസ്‌ലിം നേതൃത്വം
X

ന്യൂഡല്‍ഹി: യുപി പോലിസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലിമൃഗങ്ങളെ ബലമായി പിടിച്ചെടുത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം നേതൃത്വം. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സംസ്ഥാന ബിജെപി സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പോലിസ് നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ച നേതൃത്വം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തങ്ങളുടെ മൗലികവും മതപരവുമായ അവകാശങ്ങള്‍ക്കെതിരായ ആക്രമണമാണിതെന്നും വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടി.

ബലി മൃഗങ്ങളെ പിടിച്ചെടുക്കുന്ന സംഭവത്തില്‍ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് (എം) കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ബലി നിരോധിച്ച് ചില ജില്ലാഭരണകൂടങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ജംഇയ്യത്ത് പ്രസിഡന്റ് മൗലാന ഖാരി മുഹമ്മദ് ഉസ്മാന്‍ മന്‍സൂര്‍പൂരി പറഞ്ഞു. ബലി നല്‍കല്‍ ഇസ്‌ലാമിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും യുപി പോലിസ് നടപടി മുസ്‌ലിം സമുദായത്തിന്റെ മതപരമായ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുപി പോലിസ് ബലം പ്രയോഗിച്ച് ബലി മൃഗങ്ങളെ പിടിച്ചെടുക്കുന്നതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസിപ്പൂര്‍, ഗാസിയാബാദ്, ബഹ്‌റൈച്ച് തുടങ്ങിയ ജില്ലാ ഭരണകൂടങ്ങളുടെ ബലി നിരോധിച്ച് കൊണ്ടുള്ള ഉത്തരവുകള്‍ ഏത് നിയമത്തിന്റെപിന്‍ബലത്തിലാണെന്നും പോലിസ് വിലക്ക് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിംകള്‍ തങ്ങളുടെ മതകാര്യങ്ങള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ നിര്‍വഹിക്കുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ ഉടന്‍ ഈ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ആവശ്യപ്പെട്ടു.

മുസ്‌ലിംകളുടെ മതപരമായ വിഷയങ്ങളില്‍ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാരിനും കേന്ദ്രത്തിനും ഇരട്ടത്താപ്പ് നയമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) വിമര്‍ശിച്ചു. കുതന്ത്രങ്ങള്‍ പ്രയോഗിച്ച് ഖുര്‍ബാനി നിര്‍വഹിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള സംസ്ഥാന പോലിസ് ശ്രമം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനങ്ങളുടെ മതപരമായ അവകാശങ്ങള്‍ക്ക് നേരെയുള്ള നിന്ദ്യമായ ആക്രമണമാണ് എസ്ഡിപിഐ വൈസ് പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ ഷറഫുദ്ധീന്‍ അഹമദ് ആരോപിച്ചു.

കൊവിഡിന്റെ മറവില്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനു പോലും വിലക്കേര്‍പ്പെടുത്തിയ ഭരണകൂടം എല്ലാ കൊവിഡ് പ്രോട്ടോക്കോളും ലംഘിച്ച് രാംമന്ദിറിന്റെ ശിലാകര്‍മ ചടങ്ങുകളുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ കടുത്ത ലോക്ക് ഡൗണിനെ ആയിരങ്ങളെ പങ്കെടുപ്പിച്ച് അയോധ്യയില്‍ ചടങ്ങ് സംഘടിപ്പിച്ച ആദിഥ്യനാഥ് മുസ്്‌ലിംകളുടെ മതപരമായ ചടങ്ങുകളില്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ക്ക് പകരം മുസ്‌ലിംകള്‍ തങ്ങളുടെ സ്വന്തം മക്കളെ ബലിയറുക്കണമെന്ന വിവാദ പ്രസ്താവനനടത്തിയ ഗാസിയാബാദിലെ ലോണി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുജാറിനെ പോലുള്ളവരെ ബിജെപി നേതൃത്വം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈദുല്‍ അദ്ഹ, ഖുര്‍ബാനി വിഷയങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ മുസ്‌ലിംകള്‍ പാലിക്കുമെങ്കിലും മൃഗബലി സംബന്ധിച്ച തിട്ടൂരങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷമുണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ആവും ഉത്തരവാദിയെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it