Sub Lead

യുവാവിന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ്(27) ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചുപേരെ പോലിസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

യുവാവിന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍
X

പെരിന്തല്‍മണ്ണ: ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ്(27) ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചുപേരെ പോലിസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബാറില്‍വെച്ച് കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് റോഡില്‍ വെച്ച് പ്രതി ഇരുവരെയും കുത്തിയതെന്ന് പോലിസ് പറയുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ്(37) ആണ് കുത്തേറ്റ് മരിച്ചത്. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീം(27) അപകടനില തരണം ചെയ്തുവരുന്നു.

ബോധം തെളിഞ്ഞതോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇയാളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് ശേഷം കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ പ്രതിചേര്‍ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. സംഭവദിവസം പുലര്‍ച്ചെയോടെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലിസ് പിടികൂടുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തിരുന്നു.

കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പോലിസ് പറഞ്ഞു. പ്രതിയെ തിരിച്ചറിയല്‍ പരേഡിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് അറിയിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it