Sub Lead

മൂന്നു ഡോക്ടര്‍മാര്‍ക്കും 26 നഴ്‌സുമാര്‍ക്കും കൊവിഡ്; മുംബൈയില്‍ ആശുപത്രി പൂട്ടി

മൂന്നു ഡോക്ടര്‍മാര്‍ക്കും 26 നഴ്‌സുമാര്‍ക്കും കൊവിഡ്; മുംബൈയില്‍ ആശുപത്രി പൂട്ടി
X

മുംബൈ: രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മുംബൈയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി താല്‍ക്കാലികമായി അടച്ചുപൂട്ടി. വോക്ക്ഹാര്‍ട്ട് ആശുപത്രിയാണ് അടച്ചുപൂട്ടുകയും നിയന്ത്രണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തത്. കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ചതിനെ കുറിച്ച് അന്വേഷണം നടത്താനും നിര്‍ദേശം നല്‍കി. പരിശോധനയില്‍ രണ്ടുതവണ നെഗറ്റീവ് ആവുന്നവരെ മാത്രമേ ആശുപത്രി കെട്ടിടത്തിലേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ അനുവദിക്കുകയുള്ളൂ. 270 ലേറെ രോഗികളെയും നഴ്‌സുമാരെയും പരിശോധിക്കും. ഔട്ട്‌പേഷ്യന്റ് വിഭാഗവും അടിയന്തര സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അതേസമയം, ആശുപത്രി കാന്റീനില്‍ നിന്ന് രോഗികള്‍ക്കും നഴ്‌സുമാര്‍ക്കും ഭക്ഷണം നല്‍കും.

കൊവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച നിയന്ത്രണ പദ്ധതി പുറത്തിറക്കിയിരുന്നു. ഇതില്‍ ആഘാതം കുറയ്ക്കാനുള്ള മേഖലയെയും ഉള്‍പ്പെടുത്തിയിരുന്നു. ബഫര്‍ സോണുകളില്‍ ഒരു മാസത്തോളം പ്രദേശങ്ങള്‍ അടച്ചുപൂട്ടാനാണു നിര്‍ദേശം. അവസാനമായി പരിശോധനയ്ക്ക് ശേഷം കുറഞ്ഞത് നാല് ആഴ്ചയെങ്കിലും കൊവിഡ് 19 ന്റെ പുതിയ കേസുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്നില്ലെങ്കില്‍ മാത്രമേ ആക്രമണോല്‍സുകമായ രീതിയിലുള്ള വ്യാപനം തടയാനാവൂവെന്നാണ് 20 പേജുള്ള പദ്ധതിയില്‍ പറയുന്നത്. ഇന്ത്യയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതില്‍ ഏറ്റവും കൂടുതല്‍ മുംബൈയിലാണ്. മഹാരാഷ്ട്രയിലെ 745 കേസുകളില്‍ 458 എണ്ണം റിപോര്‍ട്ട് ചെയ്തതു മുംബൈയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള സംസ്ഥാനത്ത് ഇതുവരെ 45 പേരാണ് മരണപ്പെട്ടത്. ഇതില്‍ 30 മരണങ്ങളും മുംബൈയിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയില്‍ കഴിഞ്ഞയാഴ്ച ഒരു മരണം ഉള്‍പ്പെടെ അഞ്ച് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. അഞ്ച് ചതുരശ്ര കിലോമീറ്ററിനുള്ളില്‍ ഒരു ദശലക്ഷത്തിലേറെ പേരാണ് ധാരാവിയില്‍ താമസിക്കുന്നത്. ഇന്ത്യയിലുടനീളം ഇതുവരെ 4,000 ത്തിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായാണു കണ്ടെത്തല്‍. മരണസംഖ്യ 100 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.




Next Story

RELATED STORIES

Share it