Sub Lead

വോട്ട് ചെയ്തവരുടെ എണ്ണവും വോട്ടിങ് യന്ത്രത്തിലെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസം; ഇവിഎം വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു

ദി ക്വിന്റ് ആണ് മധ്യപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിലെ വോട്ടിങ് വിവരങ്ങള്‍ താരതമ്യം ചെയ്ത് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്.

വോട്ട് ചെയ്തവരുടെ എണ്ണവും വോട്ടിങ് യന്ത്രത്തിലെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസം; ഇവിഎം വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു
X

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വ്യാപകമായ തിരിമറി നടക്കുന്നതായ ആരോപണം ശക്തമാവുന്നതിനിടെ വോട്ടിങ് യന്ത്രം വിശ്വാസയോഗ്യമല്ലെന്നതിന് മറ്റൊരു തെളിവ് കൂടി പുറത്ത്. ദി ക്വിന്റ് ആണ് മധ്യപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിലെ വോട്ടിങ് വിവരങ്ങള്‍ താരതമ്യം ചെയ്ത് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്.

2018 നവംബര്‍ 28ന് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് സെറ്റ് വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. ആദ്യത്തേത് തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണമാണ്. പോളിങ് ദിനത്തിനും ഫല പ്രഖ്യാപന ദിനത്തിനും ഇടയിലാണ് ഈ ഡാറ്റ പോസ്റ്റ് ചെയ്തത്. രണ്ടാമത്തെത് ഫലപ്രഖ്യാപന ദിവസം വോട്ടിങ് യന്ത്രത്തില്‍ എണ്ണിയ വോട്ടുകളുടെ എണ്ണമാണ്. രണ്ട് സെറ്റ് ഡാറ്റകളും താരതമ്യം ചെയ്തപ്പോള്‍ മധ്യപ്രദേശിലെ 230 മണ്ഡലങ്ങളില്‍ 204 എണ്ണത്തിലും വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസമുള്ളതായി കണ്ടെത്തി.

ഇതില്‍ ഏറ്റവും വ്യതിയാനമുള്ള 10 മണ്ഡലങ്ങളുടെ പട്ടികയും ക്വിന്റ് പുറത്ത് വിട്ടിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ പോളിങ് ദിനത്തിലേതില്‍ നിന്ന് 2605 വോട്ടുകള്‍ വരെ കൂടുതലായി കണ്ടെത്തിയപ്പോള്‍ ചിലതില്‍ 1831 വോട്ട് വരെ കുറവായിരുന്നു.



പോളിങ് ദിനത്തില്‍ ഓരോ രണ്ട് മണിക്കൂര്‍ കഴിയുമ്പോഴും പോളിങ് ഓഫിസര്‍ ചെയ്ത വോട്ടുകളുടെ എണ്ണം കണക്കാക്കും. പോളിങ് അവസാനിക്കുമ്പോള്‍ മൊത്തം എണ്ണം കണക്കു കൂട്ടി പേപ്പറില്‍ എഴുതി ഒപ്പിടുകയും ഇതിന്റെ കോപ്പി വിവിധ പാര്‍ട്ടികളുടെ പോളിങ് ഏജന്റുമാര്‍ക്ക് കൈമാറുകയും ചെയ്യും. വോട്ടെണ്ണല്‍ ദിനത്തില്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകളുടെ എണ്ണവും പേപ്പറില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകളുടെ എണ്ണവും താരതമ്യം ചെയ്യുകയും എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തിയാല്‍ കൗണ്ടിങ് ഏജന്റിന് ചൂണ്ടിക്കാട്ടുകയും ചെയ്യാം.



മധ്യപ്രദേശിലെ വോട്ടുകളുടെ എണ്ണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് മാനുഷികമായ പിഴവുകള്‍ മാത്രമാണെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തതെന്ന് ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. അതേ സമയം, അങ്ങിനെയൊരു മാനുഷിക പിഴവ് വരാന്‍ സാധ്യതയില്ലെന്ന് ഇവിഎം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വോട്ടിങ് ദിനത്തിലെ കാര്യങ്ങള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അത് കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തിലുള്ള എണ്ണത്തേക്കാള്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ തയ്യാറാക്കുന്ന എണ്ണത്തിനാണ് വിശ്വാസ്യത കല്‍പ്പിക്കേണ്ടതെന്നും അവര്‍ പറയുന്നു. എന്നാല്‍, ഇവിഎമ്മിലുള്ള എണ്ണമാണ് അന്തിമമായി പരിഗണിക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

പ്രിസിഡൈറിങ് ഓഫിസര്‍ രേഖപ്പെടുത്തിയ വോട്ടുകളും വോട്ടിങ് യന്ത്രത്തില്‍ ഫലമെണ്ണുമ്പോള്‍ കിട്ടുന്ന എണ്ണവും തമ്മില്‍ വലിയ അന്തരമുണ്ടെങ്കില്‍ വിവിപാറ്റുകള്‍ സ്ലിപ്പുകള്‍ എണ്ണണമെന്നാണ് നടപടിക്രമങ്ങളില്‍ പറയുന്നതെന്നു തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ എണ്ണത്തില്‍ രണ്ടായിത്തിലേറെ വോട്ടുകളുടെ വ്യത്യാസം വന്നിട്ടും അന്വേഷണം ആവശ്യപ്പെടാതെ നിസാരവല്‍ക്കരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it