Sub Lead

കോംഗോയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു, നഗരത്തിലേക്ക് ലാവ ഒഴുകുന്നു; പലായനം ചെയ്ത് ആയിരങ്ങള്‍

കോംഗോയിലെ ഗോമ സിറ്റിക്ക് സമീപമുള്ള മൗണ്ട് നിരാഗോംഗോ എന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്.

കോംഗോയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു, നഗരത്തിലേക്ക് ലാവ ഒഴുകുന്നു; പലായനം ചെയ്ത് ആയിരങ്ങള്‍
X

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ വന്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പ്രാണരക്ഷാര്‍ഥം പലായനം ചെയ്തതായി റിപോര്‍ട്ട്. കോംഗോയിലെ ഗോമ സിറ്റിക്ക് സമീപമുള്ള മൗണ്ട് നിരാഗോംഗോ എന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്.


ശനിയാഴ്ച രാത്രിയാണ് അതിതീവ്ര സ്‌ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് ഗ്രാമത്തിലേക്ക് ലാവ ഒഴുകിത്തുടങ്ങിയതോടെയാണ് ജീവന്‍ രക്ഷിക്കുന്നതിനായി ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങിയത്. ഗോമയില്‍ ആയിരങ്ങളാണ് വീടുകള്‍ നഷ്ടപ്പെട്ട് അഭയാര്‍ഥികളായി മാറിയത്.


ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. നഗരത്തിന്റെ ഒരുഭാഗം ലാവ ഇതിനോടകം വീഴുങ്ങി. അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായതോടെ ഗോമ നഗരത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയും കൈയില്‍ കിട്ടിയതൊക്കെയെടുത്ത് രാത്രിയോടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തു.


നിരവധി പേര്‍ വീടിനു പുറത്താണ് രാത്രി ചെലവഴിച്ചത്. ലാവ ഒഴുകിവന്ന് വീടുകളെയും കെട്ടിടങ്ങളെയും മൂടിയതോടെയാണ് ആയിരക്കണക്കിനു പേര്‍ വഴിയാധാരമായത്.


ജനങ്ങള്‍ കൂട്ടത്തോടെ അയല്‍രാജ്യമായ റുവാന്‍ഡയുടെ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പലായനം ചെയ്യുകയാണ്.


അതിര്‍ത്തി അടച്ചിരുന്നതിനാല്‍ ജനങ്ങള്‍ക്ക് റുവാന്‍ഡയിലേക്ക് പ്രവേശിക്കാനായില്ലെന്നും ഇവര്‍ തിരിച്ചെത്തി ഗോമ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് തമ്പടിച്ചതായും കോംഗോ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, 8,000 പേര്‍ക്ക് അഭയം നല്‍കിയതായി റുവാന്‍ഡ അധികൃതര്‍ വ്യക്തമാക്കി.


3,500 ലധികം കോംഗോളികള്‍ അതിര്‍ത്തി കടന്നതായി റുവാന്‍ഡയുടെ അടിയന്തര മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു. അവരെ സ്‌കൂളുകളിലും ആരാധനാലയങ്ങളിലും പാര്‍പ്പിക്കുമെന്ന് റുവാന്‍ഡന്‍ സംസ്ഥാന മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


ഗോമയിലെ വിമാനത്താവളത്ത് അടുത്തുവരെ ലാവാ പ്രവാഹമെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, വിമാനത്താവളത്തിന് കേടുപാടുകളില്ല. സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ജീന്‍ മൈക്കല്‍ ലുക്കോന്‍ഡെ അടിയന്തരയോഗം വിളിച്ചിരുന്നു. ലാവയുടെ തീവ്രത കുറഞ്ഞതായാണ് നീരീക്ഷണസംഘം നല്‍കുന്ന വിവരം.


മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ട്. അപകടത്തില്‍ നിരവധി കെട്ടിടങ്ങള്‍ നശിച്ചു. ഇതുവരെ മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല.


2002ല്‍ ഈ അഗ്‌നപര്‍വതം പൊട്ടിത്തെറിച്ച് 250 പേര്‍ മരിക്കുകയും ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it