Big stories

ഗുജറാത്തില്‍ തകര്‍ന്ന് വീണ മോര്‍ബി തൂക്കുപാലം അറ്റകുറ്റപ്പണിയില്‍ ഗുരുതര ക്രമക്കേട്; അന്വേഷണ റിപോര്‍ട്ട് പുറത്ത്

ഗുജറാത്തില്‍ തകര്‍ന്ന് വീണ മോര്‍ബി തൂക്കുപാലം അറ്റകുറ്റപ്പണിയില്‍ ഗുരുതര ക്രമക്കേട്; അന്വേഷണ റിപോര്‍ട്ട് പുറത്ത്
X

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിന്റെ കാരണം അറ്റകുറ്റപ്പണിയിലുണ്ടായ ഗുരുതര ക്രമക്കേടാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നു. നിര്‍മാണ വസ്തുക്കളുടെ നിലവാരമില്ലായ്മയും സുരക്ഷാ സംവിധാനങ്ങളുടെ അപാകതയും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത ഒറേവ ഗ്രൂപ്പ് യോഗ്യതയില്ലാത്ത രണ്ടുപേര്‍ക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.

കേബിളുകള്‍ ബലപ്പെടുത്താതെ തടി പ്രതലം മാറ്റി അലുമിനിയം തകിടുകള്‍ സ്ഥാപിച്ചതോടെ പാലത്തിന്റെ ഭാരം വര്‍ധിച്ചു. ഓയിലും ഗ്രീസും ഉപയോഗിച്ച് പാലത്തിലെ ജോയിന്റുകള്‍ മിനുസപ്പെടുത്തുന്ന ജോലികള്‍ കമ്പനി നടത്തിയിരുന്നില്ല. പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയതോടെ പാലത്തിന്റെ ദര്‍ബാര്‍ഗര്‍ ഭാഗത്തെ ആങ്കര്‍ പിന്‍ തകര്‍ന്ന് വീണാണ് അപകടം സംഭവിച്ചതെന്നും റിപോര്‍ട്ട് പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ഷേന്ദു പാഞ്ചലാണ് റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്.

പാലം പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി പ്രാദേശിക അധികാരികള്‍ 15 വര്‍ഷത്തെ കരാറാണ് ഒറെവയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ അത്തരം പദ്ധതികളില്‍ കമ്പനിക്ക് മുന്‍ പരിചയമില്ലെന്ന് കണ്ടെത്തി. 1971ല്‍ സ്ഥാപിതമായ കമ്പനി അജന്ത ബ്രാന്‍ഡ് ഉപയോഗിച്ച് ക്ലോക്ക് മേക്കര്‍ എന്ന നിലയിലാണ് പ്രശസ്തി നേടിയിരുന്നത്. വാച്ചുകള്‍, സിഎഫ്എല്‍ ലാംപുകള്‍, കാല്‍ക്കുലേറ്ററുകള്‍, ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ തുടങ്ങി നിരവധി ഗൃഹോപകരണങ്ങളും ഒറേവയാണ് നിര്‍മിക്കുന്നത്. ഒറെവ ഗ്രൂപ്പിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കരാറുകാരന്‍ പാലത്തിന്റെ കേബിളുകള്‍ മാറ്റാതെ തുരുമ്പിച്ച കയറുകള്‍ പെയിന്റടിച്ച് തറയില്‍ മാത്രം മാറ്റം വരുത്തുകയാണ് ചെയ്തത്. അറ്റകുറ്റപ്പണികളും നവീകരണ ജോലികളും യോഗ്യതയില്ലാത്ത തൊഴിലാളികള്‍ക്കാണ് നല്‍കിയത്. പാലം തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി ശരിയായ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനി നേടിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പാലം അറ്റകുറ്റപ്പണിക്ക് ഒറേവ രണ്ട് കോടി രൂപയുടെ ഉപകരാര്‍ ധംഗധ്ര ആസ്ഥാനമായുള്ള അധികം അറിയപ്പെടാത്ത കരാറുകാരായ ദേവപ്രകാശ് സൊല്യൂഷന് നല്‍കി. പാലം തകര്‍ന്നുവീണതിനെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.

കമ്പനിയുടെ എംഡി ദുരന്തത്തിന് ശേഷം ഒളിവിലാണ്. ഒറെവ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജയ്‌സുഖ്ഭായ് പട്ടേലിനെ അവസാനമായി ഒക്ടോബര്‍ 26 ന് പാലം തുറക്കുന്ന ദിവസമാണ് പൊതുവേദിയില്‍ കണ്ടത്. പട്ടേല്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് മോര്‍ബി പോലിസിന്റെ വിശദീകരണം.

അപകടവുമായി ബന്ധപ്പെട്ട് ഒറേവ ഗ്രൂപ്പിന്റെ രണ്ട് മാനേജര്‍മാര്‍, ടിക്കറ്റിങ് സ്റ്റാഫ്, പാലത്തിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, സബ് കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുരന്തം ദൈവത്തിന്റെ പ്രവൃത്തിയാണെന്ന വിചിത്രവാദമാണ് ഒറെവ ഗ്രൂപ്പിന്റെ മാനേജര്‍ ദീപക് പരേഖ് ബുധനാഴ്ച കോടതില്‍ ഉയര്‍ത്തിയത്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത് ദൈവഹിതപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it