Sub Lead

ഇസ്രായേലി സൈനികരുടെ ആത്മവീര്യം തകര്‍ന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍

ഇസ്രായേലി സൈനികരുടെ ആത്മവീര്യം തകര്‍ന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
X

വാഷിങ്ടണ്‍: ഗസയില്‍ രണ്ടുവര്‍ഷത്തോളമായി തുടരുന്ന ആക്രമണങ്ങള്‍ ലക്ഷ്യം കാണാത്തതിനാല്‍ ഇസ്രായേലി സൈനികരുടെ ആത്മവീര്യം തകര്‍ന്നെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ റിപോര്‍ട്ട്. പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഇസ്രായേലി സൈനിക നേതൃത്വം യുദ്ധത്തിന് വേണ്ട റിസര്‍വ് സൈനികരെ കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി വിവിധ മുന്നണികളില്‍ തുടര്‍ച്ചയായി യുദ്ധം ചെയ്യുന്നതിനാല്‍ സൈനികര്‍ തളര്‍ന്നിരിക്കുകയാണ്. പുതുതായി ആളെ കിട്ടാത്തതിനാല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വരെ ഉപയോഗിച്ചാണ് റിസര്‍വ് സൈനികരെ തേടുന്നത്. ഒരു ഇസ്രായേലി സൈനിക കമാന്‍ഡര്‍ കോളജ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ് വാള്‍സ്ട്രീറ്റ് ജേണല്‍ ഉദ്ധരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്

''ഞാന്‍ യുദ്ധത്തിന് സൈനികരെ തേടുകയാണ്. ഡോക്ടര്‍മാരെയും സൈനികരെയുമാണ് വേണ്ടത്. സെപ്റ്റംബര്‍ 11 മുതല്‍ 70 ദിവസമാണ് സേവനം വേണ്ടത്. താല്‍പര്യമുള്ളവര്‍ സ്വകാര്യമായി മെസേജ് അയക്കൂ.''

തുടര്‍ച്ചയായി 400 ദിവസം യുദ്ധഭൂമിയില്‍ വിന്യസിക്കപ്പെട്ട നിരവധി സൈനികരുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു. ഗസ സിറ്റി പിടിച്ചെടുക്കണമെന്ന് മുന്‍കാലങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്ന സൈനികര്‍ പോലും ഇപ്പോള്‍ യുദ്ധം നിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഫലസ്തീനികളുമായി ചര്‍ച്ച നടത്തി യുദ്ധം അവസാനിപ്പിക്കണമെന്നാണ് 80 ശതമാനം ഇസ്രായേലികളും ആവശ്യപ്പെടുന്നത്. അക്കാര്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ഇസ്രായേലില്‍ ശക്തമായി. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചത് പാശ്ചാത്യരാജ്യങ്ങളില്‍ നെതന്യാഹു അടക്കമുള്ള സയണിസ്റ്റ് നേതാക്കളുടെ പ്രതിഛായ മോശമാവാന്‍ കാരണമായി. ഇസ്രായേലിന്റെ പ്രതിഛായ തകര്‍ന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വരെ പറയേണ്ടി വന്നത് അതുകൊണ്ടുകൂടിയാണ്.

അതേസമയം, ഗസ സിറ്റിയിലെ സൈനികനടപടി മാരകമായ അപകടങ്ങളുണ്ടാക്കുമെന്നാണ് ഇസ്രായേലിലെ മാരീവ് പത്രത്തിലെ സൈനിക കാര്യ റിപോര്‍ട്ടറായ അവി അഷ്‌കെന്‍സായിയുടെ ലേഖനം പറയുന്നത്. നിരവധി കെട്ടിടങ്ങളും ടണലുകളുമുള്ള ഗസ സിറ്റി ഇസ്രായേലി സൈനികര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. നഗരത്തില്‍ ഹമാസ് കുഴിംബോംബുകളും ബൂബി ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ടാവും. കൂടാതെ വിവിധ പ്രദേശങ്ങളില്‍ സ്‌നൈപ്പര്‍ തോക്ക് ഉപയോഗിക്കുന്നവരും ടാങ്ക് വിരുദ്ധ യൂണിറ്റുകളുമുണ്ടാവാം. അതിനാല്‍ തന്നെ നയതന്ത്രപരമായ സാധ്യതകള്‍ പരിശോധിക്കാതെ അധിനിവേശം വികസിപ്പിക്കരുതെന്നാണ് സൈന്യത്തിന്റെ നിലപാടെന്ന് അവി അഷ്‌കെന്‍സായി പറയുന്നു.

ഗസ സിറ്റി പിടിച്ചു കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം എന്തായിരിക്കുമെന്നും സൈനികര്‍ ചോദിക്കുന്നു. നേരത്തെ പലതവണ നിയന്ത്രണം സ്വന്തമാക്കിയ റഫയും ഖാന്‍ യൂനിസും ജബാലിയയും ബെയ്ത് ഹനൂനും അല്‍ സയ്ത്തൂനുമെല്ലാം വീണ്ടും ഹമാസിന്റെ നിയന്ത്രണത്തിലേക്ക് തിരികെയെത്തിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

2023 ഡിസംബറില്‍ ഗസയിലെ ഫലസ്തീന്‍ ചത്വരത്തില്‍ ഇസ്രായേലി സൈനികര്‍ ഹനൂക്കിയ കത്തിച്ചിരുന്നു. പ്രദേശം കീഴടക്കിയെന്നതിന്റെ പ്രതീകമാക്കി ഇത് പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷേ, പിന്നീടും ആ പ്രദേശത്ത് തുടര്‍ച്ചയായി ഹമാസുമായി ഏറ്റുമുട്ടേണ്ടി വന്നു. അധിനിവേശം ശക്തമാക്കുമ്പോഴും ഗസയില്‍ പ്രതിരോധം നിലനില്‍ക്കുന്നുവെന്നതാണ് വസ്തുതയെന്ന് അവി അഷ്‌കെന്‍സായിയുടെ റിപോര്‍ട്ട് പറയുന്നു. തകര്‍ത്ത കെട്ടിടങ്ങളുടെയും പട്ടിണിക്കിട്ട് കൊന്ന കുട്ടികളുടെയും ചിത്രങ്ങളല്ലാതെ വിജയം കാണിക്കുന്ന ഒന്നും ഹാജരാക്കാന്‍ സയണിസ്റ്റുകള്‍ക്ക് സാധിക്കുന്നില്ല.

Next Story

RELATED STORIES

Share it