Sub Lead

ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍: ചര്‍ച്ച അലസി; വീണ്ടും പ്രക്ഷോഭം ശക്തമാകുന്നു

45 മീറ്ററില്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിക്കല്ല് സ്ഥാപിക്കാന്‍ എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സമര സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് സത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.

ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍: ചര്‍ച്ച അലസി; വീണ്ടും പ്രക്ഷോഭം ശക്തമാകുന്നു
X
ഇടപ്പള്ളി-മൂത്തകുന്നം ഹൈവേക്ക് വേണ്ടി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരായ പ്രതിഷേധം(ഫയല്‍ ചിത്രം)

കൊച്ചി: മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും പ്രക്ഷോഭം ശക്തമാകുന്നു. 45 മീറ്ററില്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിക്കല്ല് സ്ഥാപിക്കാന്‍ എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സമര സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് സത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് ഇന്ന് ജില്ലാ കലകക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും ഇരു കൂട്ടരും നിലപാടില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച അലസി പിരിഞ്ഞു.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പദ്ധതിയോടുള്ള എതിര്‍പ്പ് രേഖപ്പെടുത്താമെന്നും ഓരോരുത്തരെയും ഹിയറിംഗ് നടത്തണമെന്നും തുടര്‍ന്ന് കോമ്പിറ്റന്റ് അതോറിറ്റി അന്വേഷണം നടത്തി അന്തിമ തീരുമാനം എടുക്കണമെന്നും എതിര്‍ക്കുന്നവരെ കാര്യകാരണസഹിതം രേഖാമൂലം അറിയിക്കണം എന്നും ഹൈവെ നിയമപ്രകാരം വ്യവസ്ഥയുണ്ട്. ഈ നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കണമോ വേണ്ടേ എന്ന് അന്തിമമായി തീരുമാനിക്കപ്പെടൂ എന്നിരിക്കെ ഇതെല്ലാം ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായി ഭൂമി പിടിച്ചെടുക്കാനാണ് ശ്രമമെന്ന് ദേശീയപാത സംയുക്ത സമരസമിതി ചെയര്‍മാന്‍ ഹാഷിം ചേന്നാമ്പിള്ളി പറഞ്ഞു.

പദ്ധതിയുടെ വിശദ പദ്ധതി രേഖ പോലും ഇപ്പോഴും തയ്യാറാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. പ്രളയബാധിത പ്രദേശം എന്ന നിലയില്‍ ഇപ്പോള്‍ കൈവശമുള്ള 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മ്മിക്കണമെന്നും അതിനുശേഷം രണ്ടാംഘട്ടമായി സര്‍വീസ് റോഡ് നിര്‍മിക്കാമെന്നുമുള്ള നിര്‍ദ്ദേശത്തില്‍ അഭിപ്രായമാരാഞ്ഞ കേന്ദ്രസര്‍ക്കാരിനോട് പ്രളയദുരിതം പരിഗണിക്കാതെ 45 മീറ്റര്‍ പദ്ധതിക്കായി ഇപ്പോള്‍ തന്നെ നോട്ടിഫിക്കേഷന്‍ ഇറക്കണമെന്ന ജനവിരുദ്ധ നിലപാടാണ് ജില്ലാഭരണകൂടം എടുത്തത്. ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് ജംഗ്ഷന്‍ അടക്കമുള്ള എല്ലാ കവലകളിലും അനേകം കുടുംബങ്ങളെ അനാവശ്യമായി കുടിയൊഴിപ്പിക്കുന്ന അശാസ്ത്രീയ അലൈന്‍മെന്റിന് ജില്ലാസംസ്ഥാന ഭരണകൂടങ്ങള്‍ അനുമതി നല്‍കിയതും ദുരൂഹമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പാലിയേക്കര മോഡലില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പദ്ധതിക്കുവേണ്ടി പഠനം നടത്തിയ ഫീഡ് ബാക്ക് ഇന്‍ഫ്രാ എന്ന സ്ഥാപനം ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിച്ച ഡ്രാഫ്റ്റ് പ്രോജക്ട് റിപോര്‍ട്ടില്‍ വരാപ്പുഴയില്‍ ടോള്‍പ്ലാസ സ്ഥാപിച്ച് ടോള്‍ ഈടാക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ വലപ്പാട് മുതല്‍ ഇടപ്പള്ളി വരെ 48 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനുള്ള ടോള്‍ വരാപ്പുഴയിലെ ടോള്‍പ്ലാസയില്‍ ഈടാക്കാനാണ് നീക്കം. നിലവിലെ കേന്ദ്ര ടോള്‍ നിരക്ക് അനുസരിച്ച് ഒരു വശത്തേക്ക് മാത്രം സഞ്ചരിക്കാന്‍ കാര്‍ 55 രൂപ നിസ്സാന്‍ 95 രൂപ ബസ് അല്ലെങ്കില്‍ ലോറി 185 രൂപ കണ്ടൈനറുകള്‍ 300 രൂപ എന്നീ നിരക്കിലും ഇരുവശത്തേക്കുമായി യഥാക്രമം 85 രൂപ,140 രൂപ, 275 രൂപ, 450 രൂപ എന്നീ നിരക്കിലും ടോള്‍ നല്‍കേണ്ടിവരും. ജനസാന്ദ്രതയേറിയ ജില്ലയുടെ വടക്കന്‍ മേഖലകളില്‍നിന്ന് നഗരത്തിലേക്കും തെക്കന്‍ മേഖലകളിലേക്കും സഞ്ചരിക്കുന്ന മുഴുവന്‍ ജനങ്ങളേയും ഇത് ഗുരുതരമായി ബാധിക്കും. വരാപ്പുഴയില്‍ 5രൂപ, 15രൂപ, 20 രൂപ എന്നീ നിരക്കുകളില്‍ ആയിരുന്നു പഴയ ടോള്‍.

അത് അടച്ചുപൂട്ടിയത് ഭീമമായ നിരക്കോടെ ടോള്‍ പുനഃസ്ഥാപിക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് സംശയമുണ്ട്. ഇടപ്പള്ളിക്കും മൂത്തകുന്നത്തിനുമിടയ്ക്ക് ടോള്‍പ്ലാസ സ്ഥാപിക്കുമോ എന്ന വിവരാവകാശ ചോദ്യത്തിന് ഇല്ല എന്നാണ് ദേശീയപാത അതോറിറ്റി കഴിഞ്ഞ ഒക്ടോബര്‍ 12ന് മറുപടി നല്‍കിയത്. ജനങ്ങളുടെ പ്രതിഷേധം ഉയരാതിരിക്കാന്‍ വിവരം മറച്ചുവയ്ക്കുകയായിരുന്നു എന്ന് വ്യക്തം. പദ്ധതിയെപ്പറ്റിയുള്ള സാധ്യതാ പഠനത്തിന്റെ അന്തിമറിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല എന്നും രേഖ വ്യക്തമാക്കുന്നു. പദ്ധതി സാധ്യമാണോ അല്ലയോ എന്നുള്ള തീരുമാനം പോലും എടുക്കുന്നതിനുമുമ്പ് പദ്ധതിക്കുവേണ്ടി ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനമിറക്കിയതിലും ദുരൂഹതയുണ്ടെന്നും ഹാഷിം ചേന്നാമ്പിള്ളി വ്യക്തമാക്കി.
Next Story

RELATED STORIES

Share it