Sub Lead

ശാരദാ ചിട്ടിഫണ്ട് കേസില്‍ ചോദ്യംചെയ്തു; മിഥുന്‍ ചക്രബര്‍ത്തി ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി

2015ലെ ശാരദാ ചിട്ടി ഫണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും(ഇഡി) സിബിഐയും ഇദ്ദേഹത്തിനു സമന്‍സ് അയച്ചിരുന്നു

ശാരദാ ചിട്ടിഫണ്ട് കേസില്‍ ചോദ്യംചെയ്തു; മിഥുന്‍ ചക്രബര്‍ത്തി ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
X

കൊല്‍ക്കത്ത: ശാരദാ ചിട്ടിഫണ്ട് അഴിമതിക്കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും ചോദ്യംചെയ്തതിനു പിന്നാലെ ഹിന്ദി ചലച്ചിത്രതാരവും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ മിഥുന്‍ ചക്രബര്‍ത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി നാഗ്പൂരിലെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന്റെ മുന്നോടിയായാണു ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയെന്നാണു സൂചന. 2015ലെ ശാരദാ ചിട്ടി ഫണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും(ഇഡി) സിബിഐയും ഇദ്ദേഹത്തിനു സമന്‍സ് അയച്ചിരുന്നു. ശാരദാ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുദിപ്ത സെന്‍ 2013ല്‍ സിബിഐയ്ക്ക് എഴുതിയ കത്തില്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ പേര് പരാമര്‍ശിച്ചിരുന്നു. തൃണമൂല്‍ എംപിമാരായ ശ്രീഞ്ജയ് ബോസ്, കുനാല്‍ ഘോഷ് എന്നിവര്‍ മിഥുന്‍ ചക്രബര്‍ത്തിയെ തന്റെ ഉടമസ്ഥതയിലുള്ള ഒരു ചാനലിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിയിരുന്നുവെന്നാണ് സുദിപ്ത സെന്നിന്റെ കത്തിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് മിഥുന്‍ ചക്രബര്‍ത്തിയെ നിരവധി തവണ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. 2015 ജൂണില്‍ കൊല്‍ക്കത്തയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തി സെന്‍ ഒരു പരിപാടിക്ക് അദ്ദേഹത്തിനു നല്‍കിയ 1.29 കോടി രൂപ തിരിച്ചുനല്‍കിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തി-മോഹന്‍ ഭാഗവത് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.


എന്നാല്‍, ആര്‍എസ്എസ് രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും പലരും ഞങ്ങളുടെ ആസ്ഥാനത്ത് വരികയും ഭാഗവതിനെ കാണുകയും ചെയ്യാറുണ്ടെന്നും രണ്ടുമാസം മുമ്പേ മോഹന്‍ ഭാഗവതിനെ കാണാന്‍ മിഥുന്‍ ചക്രവര്‍ത്തി അപ്പോയിന്‍മെന്റ് തേടിയിരുന്നുവെന്നും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ പഠിക്കുകയാണെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ ദി പ്രിന്റിനോട് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു തുടക്കം മാത്രമാണ്, സംഘവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. പരിവാറുമായി ബന്ധപ്പെടുന്നതിന് മുമ്പ്, അദ്ദേഹം സംഘത്തെയും അതിന്റെ പ്രവര്‍ത്തനത്തെയും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞതായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പറഞ്ഞു. മിഥുന്‍ ചക്രബര്‍ത്തിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ലഭ്യമായിട്ടില്ലെന്നു ദി പ്രിന്റ് വ്യക്തമാക്കി. അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഇതുവരെ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും ബംഗാളില്‍ വളരെയധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണെന്നും ബിജെപിയുടെ ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. എന്നാല്‍, മിഥുന്‍ ചക്രബര്‍ത്തി രാഷ്ട്രീയക്കാരനല്ലെന്നും 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും രാജ്യസഭാ എംപിയാവുകയും രണ്ടുവര്‍ഷത്തെ സേവനശേഷം രാജിവയ്ക്കുകയുമായിരുന്നുവെന്ന് ബിജെപി ബംഗാള്‍ ഘടകം മേധാവി ദിലീപ് ഘോഷ് പറഞ്ഞു. മോഹന്‍ ഭാഗവതുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയെ കുറിച്ച് കേട്ടിട്ടില്ല. മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് പാര്‍ട്ടിയുടെ എന്തെങ്കിലും ചുമതല നല്‍കുന്നതിനെ കുറിച്ച് അറിവില്ല. അദ്ദേഹം സംഘപരിവാരത്തില്‍ ചേര്‍ന്ന് രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിഥുന്‍ ചക്രബര്‍ത്തി മൂന്നുവര്‍ഷം മുമ്പേ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടിരുന്നുവെന്നും സൗഹാര്‍ദ്ദപരമായ പിരിയലായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അദ്ദേഹത്തിനു പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജിയുമായി ബന്ധമുണ്ട്. എന്നാല്‍, പാര്‍ട്ടി നേരിട്ട് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ രാജ്യസഭാ എംപിയായ അദ്ദേഹം രണ്ടുവര്‍ഷത്തെ കാലാവധിക്കു ശേഷം ആരോഗ്യകാരണം പറഞ്ഞാണ് രാജിവച്ചത്. എംപിയായിരുന്നപ്പോഴും ഏറെക്കാലം പാര്‍ലിമെന്റില്‍ എത്തിയിരുന്നില്ല. രാജിക്കു മുമ്പ് തന്നെ ചക്രബര്‍ത്തി പാര്‍ട്ടിയുമായി അകലം പ്രാപിച്ചിരുന്നു.




Next Story

RELATED STORIES

Share it