Sub Lead

സമസ്തയുടെ മാസികയില്‍ ലീഗിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ ടി ജലീലിന്റെ അഭിമുഖം

സമസ്തയുടെ മാസികയില്‍ ലീഗിനെതിരേ രൂക്ഷവിമര്‍ശനവുമായി   കെ ടി ജലീലിന്റെ അഭിമുഖം
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സമസ്തയുടെ പ്രസിദ്ധീകരണമായ 'സത്യധാര' മാസികയില്‍ മുസ് ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ ടി ജലീലിന്റെ അഭിമുഖം. തദ്ദേശ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ വിജയത്തിനു ശേഷം ലീഗും സമസ്തയും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന വിവാദങ്ങള്‍ക്ക് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ വിരാമമിട്ടെങ്കിലും പ്രസ്ഥാനത്തിന്റെ മാസികയില്‍ ഇടതുമന്ത്രിയായ കെ ടി ജലീലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത് ഏറെ ചര്‍ച്ചയാവുമെന്നുറപ്പ്. പ്രത്യേകിച്ച്, കുഞ്ഞാലിക്കുട്ടി എംപി സ്ഥാനമൊഴിഞ്ഞ് വീണ്ടും നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്നതാണ് ഡോ. കെ ടി ജലീലിന്റെ അഭിമുഖമെന്നതും ശ്രദ്ധേയമാണ്. 'വെല്‍ഫെയര്‍ പാര്‍ട്ടി ഇസ് ലാമിക് സ്‌റ്റേറ്റിനുള്ള ചവിട്ടുപടി' എന്ന പേരിലാണ് 'സത്യധാര'യില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുസ് ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യ വേഴ്ച തുടരുമെന്നും ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടപ്പെട്ടുവെന്നും ആരോപിക്കുന്ന അഭിമുഖത്തില്‍ പ്രധാനമന്ത്രി ഇഡിയെ ഉപയോഗിച്ച് നേതാക്കളെയെല്ലാം വേട്ടയാടുന്നത് കൊണ്ട് പേടിച്ചാണോ പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് വരുന്നതെന്നും ജലീല്‍ ചോദിക്കുന്നുണ്ട്. ലീഗ് മത സ്വത്വത്തിലേക്ക് ഉള്‍വലിയുകയാണ്. ലീഗിനെ വിമര്‍ശിക്കുമ്പോള്‍ അത് മുസ് ലിമിനെതിരേ എന്ന് പറയുന്നത് എന്തു മാത്രം വിചിത്രമാണ്. ലീഗ് വിമര്‍ശനങ്ങളെ ഇസ് ലാമോഫോബിയ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ മുസ് ലിം ലീഗ് പേരില്‍ നിന്ന് 'മുസ്‌ലിം' എന്ന പദം ഒഴിവാക്കുകയാണ് വേണ്ടത്. ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു എന്ന പ്രസ്താവനയില്‍ ലീഗ് അഭിമാനിക്കുകയല്ലേ വേണ്ടതെന്നും കെ ടി ജലീല്‍ പറഞ്ഞു. ഭാഷാനൈപുണ്യം ഇല്ലാത്തതിനാലാണോ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചു വരുന്നതെന്നും ജലീല്‍ പരിഹസിക്കുന്നുണ്ട്.

സിപിഎമ്മിനെതിരേ മുസ് ലിം ലീഗ് ഉന്നയിക്കുന്ന ആരോപണങ്ങളെ എണ്ണിയെണ്ണി പ്രതിരോധിക്കുന്നതാണ് കെ ടി ജലീലിന്റെ അഭിമുഖം. ഏറെക്കാലത്തിനു ശേഷമാണ് സമസ്തയുടെ മാസികയായ 'സത്യധാര'യില്‍ ലീഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന, അതും കുഞ്ഞാലിക്കുട്ടിയും ലീഗും വിടാതെ പിന്തുടരുന്ന കെ ടി ജലീലിന്റെ തന്നെ അഭിമുഖം പ്രസിദ്ധീകരിച്ചതെന്നതും രാഷ്ട്രീയ ചര്‍ച്ചയ്ക്കും വഴി വച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ലീഗ് സമസ്തയെ സമ്മര്‍ദ്ധത്തിലാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മതസംഘടനാ നേതാക്കളുടെ ചര്‍ച്ചയില്‍ നിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ലീഗ് വിലക്കിയെന്നും പാണക്കാട്ടേക്ക് വിലക്കേര്‍പ്പെടുത്തിയെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച വിവാദം രൂക്ഷമാവുന്നതിനിടെയാണ് ജിഫ്രി തങ്ങള്‍ തന്നെ നേരിട്ട് പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ സന്ദര്‍ശിച്ച് ലീഗും സമസ്തയും ഒറ്റക്കെട്ടാണെന്നു പ്രസ്താവിച്ചത്. എന്നിട്ടും പുതിയ ലക്കം 'സത്യധാര' മാസികയില്‍ ലീഗി വിമര്‍ശനത്തിനു വന്‍ പ്രാധാന്യം നല്‍കിയത് സമസ്തയ്ക്കുള്ളിലെ അമര്‍ഷം പൂര്‍ണതോതില്‍ വിട്ടുമാറിയിട്ടില്ലെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.

Minister K T Jaleel's critical interview about IUML in Samatha magazine

Next Story

RELATED STORIES

Share it