Sub Lead

യുപിയിലെ ട്രെയിന്‍ ടോയ്‌ലറ്റില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം

കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് യുപിയിലേക്ക് മടങ്ങിയെത്തിയത്

യുപിയിലെ ട്രെയിന്‍ ടോയ്‌ലറ്റില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം
X

ഝാന്‍സി(യുപി): കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ ദാരുണാന്ത്യം തുടര്‍ക്കഥയാവുന്നു. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന്റെ ടോയ്‌ലറ്റില്‍ നിന്ന് കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കിഴക്കന്‍ യുപിയിലെ ബസ്തി ജില്ലയില്‍ താമസിക്കുന്ന മോഹന്‍ ലാല്‍ ശര്‍മ(38)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിനിന്റെ കോച്ചുകള്‍ ശുചകരിക്കുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുള്ളതായി സംശയിക്കുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. മൃതദേഹം വഹിച്ചുകൊണ്ട് ട്രെയിന്‍ ഒരു റൗണ്ട് യാത്ര ചെയ്തതായും റിപോര്‍ട്ടുകളുണ്ട്.

മുംബൈയില്‍ കൂലിപ്പണിക്കാരനായി ജോലി ചെയ്തിരുന്ന മോഹന്‍ ലാല്‍ ശര്‍മ മറ്റു കുടിയേറ്റക്കാരെപ്പോലെ പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ജോലിയും കൂലിയുമില്ലാതായി. നാട്ടിലേക്കു പോവാനായി മെയ് 23ന് ഝാന്‍സിയിലെത്തിയ ശര്‍മയെ, നാട്ടിലേക്കുപോവാനെത്തിയ മറ്റു കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ജില്ലാ ഭരണകൂടം ബസ്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗോരഖ്പൂരിലേക്ക് റെയില്‍വേ സ്റ്റേഷനിലേക്കു ട്രെയിന്‍ കയറാന്‍ വേണ്ടി അയച്ചു. ഇതേ ട്രെയിന്‍ ബുധനാഴ്ച ഝാന്‍സിയിലേക്ക് മടങ്ങി. വ്യാഴാഴ്ച റെയില്‍വേ തൊഴിലാളികള്‍ കോച്ചുകള്‍ ശുചീകരിക്കുന്നതിനിടെയാണ് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. 'ഝാന്‍സി പോലിസ് വില്ലേജ് പ്രധാനെ വിളിച്ചിരുന്നുവെന്നും ശര്‍മയുടെ കൈവശം 28,000 രൂപയും ഒരു ബാര്‍ സോപ്പും ചില പുസ്തകങ്ങളും ഉണ്ടായിരുന്നുവെന്നും ജോലിയില്ലാത്തതിനാല്‍ വീട്ടിലേക്ക് പോവാന്‍ താല്‍പര്യപ്പെട്ടതായും പറഞ്ഞെന്ന് ശര്‍മയുടെ ബന്ധു കനയ്യ ലാല്‍ പറഞ്ഞു. ശര്‍മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കൊവിഡ് പരിശോധനാ ഫലം പുറത്തുവന്ന ശേഷം കൈമാറുമെന്നു പോലിസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് യുപിയിലേക്ക് മടങ്ങിയെത്തിയത്. വരും ദിവസങ്ങളില്‍ ഇത് വന്‍തോതില്‍ വര്‍ധിക്കുമെന്നാണു റിപോര്‍ട്ടുകള്‍. ഇവരെയെല്ലാം സ്‌ക്രീന്‍ ചെയ്യുകയും ക്വാറന്റൈന്‍ ചെയ്ത് ഭക്ഷണവും പാര്‍പ്പിടവും നല്‍കുകയും ചെയ്യുകയെന്നത് സംസ്ഥാനത്തിനു കടുത്ത വെല്ലുവിളിയായിട്ടുണ്ട്.


Next Story

RELATED STORIES

Share it