Sub Lead

ബംഗാളില്‍ കാലുമാറ്റക്കാര്‍ക്ക് കൂട്ടത്തോല്‍വി; തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയവര്‍ തുന്നംപാടി

ബംഗാളില്‍ കാലുമാറ്റക്കാര്‍ക്ക് കൂട്ടത്തോല്‍വി; തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയവര്‍ തുന്നംപാടി
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാലുമാറ്റക്കാര്‍ക്ക് കൂട്ടത്തോല്‍വി. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി മല്‍സരിച്ചവരുടെ ദയനീയ തോല്‍വിയാണ് ഏറെ ശ്രദ്ധേയമായത്. തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയിലേക്ക് നേതാക്കള്‍ ഒഴുകിയപ്പോള്‍ തൃണമൂല്‍ വൈറസ് മുക്തമായെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ ദീദിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബംഗാള്‍ ജനത ശരിവയ്ക്കുകയായിരുന്നു. പണമൊഴുക്കിയും ചാക്കിട്ടും പിടിച്ചും പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചതു പോലെ ബംഗാളിലും മോദി-അമിത് ഷാ കൂട്ടുകെട്ട് ശ്രമിച്ചെങ്കിലും വങ്കനാടന്‍ മനസ്സ് തിരസ്‌കരിച്ചു.

തൃണമൂല്‍ വിട്ട് പോയി ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചവരില്‍ ബഹുഭൂരിഭാഗവും തോറ്റ് തുന്നംപാടി. നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരേ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി എന്നിവരൊഴിച്ച് തൃണമൂല്‍ വിട്ടുപോയവരെല്ലാം ദയനീയമായി തോറ്റു. ഇതില്‍ തന്നെ നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരേ സുവേന്ദു അധികാരിയുടെ നേരിയ ജയത്തിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുന്നുണ്ട്. ആയിരത്തിലേറെ വോട്ടുകള്‍ക്ക് മമത ജയിച്ചതായി ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നേരെ തിരിയുകയായിരുന്നു. കാലുമാറ്റക്കാരില്‍ തോറ്റ പ്രമുഖരില്‍ മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജിയാണ് മുന്നില്. തൃണമൂലിന വേണ്ടി മല്‍സരിച്ചപ്പോള്‍ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയിരുന്ന അദ്ദേഹം ബിജെപി ടിക്കറ്റില്‍ തൃണമൂലിലെ കല്യാണ്‍ ഘോഷിനോട് ഹൗറയിലെ ദൊംജുറില്‍ അര ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഹൗറ മുന്‍ മേയര്‍ റതിന്‍ ചക്രബര്‍ത്തിയും കൂറ്റന്‍ തോല്‍വിക്കാരുടെ പട്ടികയിലുണ്ട്.

ലോക് സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയിലേക്ക് ബംഗാളില്‍ തൃണമൂല്‍, കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ ഒഴുക്കുണ്ടായിരുന്നു. മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ ബംഗാള്‍ ബിജെപി പിടിക്കുമെന്നു ധരിച്ച് അധികാരക്കൊതി മൂച്ച് മറുകണ്ടം ചാടിയത. എന്തിനേറെ ഒരുവേള ഇനി വരുന്നവരെ സ്വീകരിക്കില്ലെന്നു വരെ ബിജെപിക്ക് പറയേണ്ടി വന്നിരുന്നു. കൂറുമാറിയെത്തിവരെ തന്നെ ബിജെപി പലയിടത്തും മല്‍സരിപ്പിച്ചെങ്കിലും ജനം തിരിച്ചടിച്ചു. വരുംകാലത്ത് ദീദിക്കു മുന്നില്‍ ഇവരുടെ നില എന്താവുമെന്ന് കണ്ടറിയേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Mass defeats of left Trinamool and joined BJP candidates in Bengal

Next Story

RELATED STORIES

Share it