Sub Lead

മാവോയിസ്റ്റ് നേതാവ് ഷൈനയുടെ മാതാവ് നഫീസ ഉമ്മ അന്തരിച്ചു

മാവോയിസ്റ്റ് നേതാവ് ഷൈനയുടെ മാതാവ് നഫീസ ഉമ്മ അന്തരിച്ചു
X

തൃശൂര്‍: സിപിഐ മാവോയിസ്റ്റ് നേതാവ് പി എ ഷൈനയുടെ മാതാവ് നഫീസ ഉമ്മ അന്തരിച്ചു. കുറച്ചു കാലമായി അസുഖബാധിതയായ നഫീസ ഉമ്മ ചേറ്റുവ ടിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ ശനിയാഴ്ച രാത്രി ഏഴോടെയാണ് മരണപ്പെട്ടത്. രോഗബാധിതയായ നഫീസ ഉമ്മയുടെ സ്ഥിതി അല്‍പം മെച്ചപ്പെട്ടതിനാല്‍ ഇക്കഴിഞ്ഞ മെയ് 9നു ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ശക്തമായ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഷൈനയുടെ ഭര്‍ത്താവും മാവോവാദി നേതാവുമായ രൂപേഷിനെ ആന്ധ്ര പോലിസ് അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളായി വിവിധ കേസുകള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്. രൂപേഷിനെതിരേ കേരളത്തിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 40ലേറെ കേസുകള്‍ നിലവിലുണ്ട്. ഇരുവരെയും പിടികൂടാനെന്ന പേരില്‍ പോലിസും നക്‌സല്‍ വിരുദ്ധ സേനയും നിരന്തരം വേട്ടയാടിയപ്പോള്‍ രൂപേഷ്-ഷൈന ദമ്പതികളുടെ മക്കള്‍ക്ക് താങ്ങും തണലുമായി നിന്നത് നഫീസ ഉമ്മയായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മാതാവിനെ കാണാന്‍ ഷൈന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയിരുന്നെങ്കിലും കടുത്ത വ്യവസ്ഥകള്‍ കാരണം ഏറെ ബുദ്ധിമുട്ടുന്നതായി ഷൈന സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമിയുടെ വിവാഹം ഇക്കഴിഞ്ഞ 18നാണു നടന്നത്. കൊല്‍ക്കത്ത ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ ആമിയെ വിവാഹം കഴിച്ചത് ബംഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ മദന്‍ ഗോപാല്‍-ടുള്‍ടുള്‍ ദമ്പതികളുടെ മകന്‍ ഓര്‍ക്കോദീപാണ്.

കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലായി 17 കേസുകളുള്ള ഷൈനയ്ക്ക് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മാസങ്ങള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്. എന്നാല്‍, ഭര്‍ത്താവ് രൂപേഷ് ഇപ്പോഴും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. 2015ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.


Next Story

RELATED STORIES

Share it