Sub Lead

മനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും

ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലിസ് നിഗമനം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടക്കും.

മനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
X

തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്തുകൊണ്ടുപോയി പോലിസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പോലിസ് കസ്റ്റഡയില്‍ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലിസ് നിഗമനം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടക്കും. മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.

കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പോലിസിന് മുന്നിലുള്ളത് രണ്ട് പ്രധാന പ്രശ്‌നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തുക എന്നതാണ്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ കേസിലെ എല്ലാ പഴുതുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകരമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടില്‍ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, പിന്നീടിത് അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിന്‍കര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലില്‍ കല്ല് ചേര്‍ത്ത് വെച്ച് കെട്ടി.

പിന്നീടാണ് മനോരമയുടെ മൃതദേഹം കിണറ്റിലേക്ക് ഇട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, പശ്ചിമ ബംഗാളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവര്‍ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയില്‍ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാല്‍ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞു. ചെന്നൈ ആര്‍പിഎഫാണ് കൊലപാതകത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം കേരളം വിട്ട പ്രതിയെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയത്.

Next Story

RELATED STORIES

Share it