Sub Lead

മണിപ്പൂരില്‍ കലാപം തുടരുന്നു; ഖമെന്‍ലോകില്‍ 11 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ കലാപം തുടരുന്നു; ഖമെന്‍ലോകില്‍ 11 പേര്‍ കൊല്ലപ്പെട്ടു
X

ഇംഫാല്‍: ഒന്നര മാസത്തോളമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും ആക്രമം. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖമെന്‍ലോകില്‍ ഇന്നലെ രാത്രി വൈകിയുണ്ടായ ആക്രമണത്തില്‍ 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. പരിക്കേറ്റ നിരവധി പേരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇംഫാലിലെ പോറമ്പത്ത്. ജെ എന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി വൈകി ഖമെന്‍ലോകില്‍ സായുധ സംഘങ്ങളുടെ ബോംബേറിലാണ് ഗ്രാമീണര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ സേനയെ ഖമെന്‍ലോകില്‍ എത്തിച്ചിട്ടുണ്ട്. മിനുട്ടുകള്‍ മാത്രം നീണ്ടു നിന്ന ആക്രമണമാണ് നടന്നതെന്നും ഇതിനു ശേഷം അക്രമികള്‍ പിന്‍വാങ്ങിയതായും പോലിസ് വ്യക്തമാക്കി. കുക്കി ആദിവാസി സംഘടനകളുടെയും ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്തികളുടെയും പ്രധാന സംഘര്‍ഷഭൂമിയാണ് ഖമെന്‍ലോക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നിരവധി തവണ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് മൂന്നുമുതല്‍ ആരംഭിച്ച കൊലപാതകങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം മിണ്ടിയില്ലെന്നും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് പോവാന്‍ ഒരുങ്ങുകയാണെന്നും സിഎല്‍പി നേതാവ് ഒക്രം ഇബോബി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാക്കള്‍ മണിപ്പൂരിലേക്ക് എല്ലാ ദിവസവും ഓടിയെത്തിയിരുന്നു. ഇന്ന് അങ്ങനെയൊരു നേതാവിനെ ഇവിടെ കാണാനില്ല. മണിപ്പൂര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അക്രമം അഭൂതപൂര്‍വമായതാണ്. വര്‍ധിച്ചുവരുന്ന രക്തച്ചൊരിച്ചില്‍ ചര്‍ച്ച ചെയ്യാന്‍ മണിപ്പൂര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന് അയവുണ്ടെന്നു പറഞ്ഞ് ഇംഫാല്‍ ഈസ്റ്റിലെയും ഇംഫാല്‍ വെസ്റ്റിലെയും ജില്ലാ മജിസ്‌ട്രേറ്റുകള്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിരുന്നു. കര്‍ഫ്യൂ സമയം രാവിലെ 5 മുതല്‍ രാത്രി 8 വരെയാണ് ഇളവ് അനുവദിച്ചിരുന്നത്.

Next Story

RELATED STORIES

Share it