Sub Lead

റോഹിന്‍ഗ്യന്‍ യുവതിയെ നാടുകടത്തുന്നത് സ്‌റ്റേ ചെയ്ത് മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍

മ്യാന്‍മറിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, അധികൃതരുടെ റോഹിന്‍ഗ്യന്‍ വേട്ട, ജമ്മുവില്‍ കഴിയുന്ന കുടുംബത്തില്‍നിന്നുള്ള വേര്‍പിരിയല്‍ എന്നിവ പരിഗണിക്കുമ്പോള്‍ ഈ സമയത്ത് മ്യാന്‍മറിലേക്ക് നാടുകടത്തുന്നത് ഹസീനയെ സംബന്ധിച്ച് ഒട്ടും സുരക്ഷിതമല്ലെന്ന് മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

റോഹിന്‍ഗ്യന്‍ യുവതിയെ നാടുകടത്തുന്നത് സ്‌റ്റേ ചെയ്ത് മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍
X

ഇംഫാല്‍: മ്യാന്‍മറില്‍നിന്നു ജീവരക്ഷാര്‍ത്ഥം പലായനം ചെയ്ത റോഹിന്‍ഗ്യന്‍ യുവതിയെ തിരിച്ചയക്കുന്നത് തടഞ്ഞ് മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍. അത്തരമൊരു നീക്കം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാടുകടത്തല്‍ നടപടി സ്റ്റേ ചെയ്തത്.

ചൊവ്വാഴ്ചയോടെ മണിപ്പൂരിലെ തെങ്‌നൗപാല്‍ ജില്ലയിലെ മോറെ പട്ടണത്തില്‍ നിന്ന് ഹഷിന ബീഗം എന്ന സ്ത്രീയെ മ്യാന്‍മറിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേ ഇംഫാല്‍ എന്‍ജിഒ ഹ്യൂമന്‍ റൈറ്റ്‌സ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

ഹ്യൂമന്‍ റൈറ്റ്‌സ് അലേര്‍ട്ട് പ്രകാരം മാര്‍ച്ച് 15ന് ജമ്മു ജില്ലയിലെ കത്‌വ സബ് ജയിലിലെ ഹോള്‍ഡിംഗ് സെന്ററില്‍ നിന്ന് അധികൃതര്‍ ബീഗത്തെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇവരുടെ ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും ഇപ്പോഴും ജമ്മുവിലെ ഹോള്‍ഡിംഗ് സെന്ററുകളിലാണെന്ന് എന്‍ജിഒ അറിയിച്ചു.

മ്യാന്‍മറിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, അധികൃതരുടെ റോഹിന്‍ഗ്യന്‍ വേട്ട, ജമ്മുവില്‍ കഴിയുന്ന കുടുംബത്തില്‍നിന്നുള്ള വേര്‍പിരിയല്‍ എന്നിവ പരിഗണിക്കുമ്പോള്‍ ഈ സമയത്ത് മ്യാന്‍മറിലേക്ക് നാടുകടത്തുന്നത് ഹസീനയെ സംബന്ധിച്ച് ഒട്ടും സുരക്ഷിതമല്ലെന്ന് മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ഭരണഘടന പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് വിഷയത്തില്‍ പ്രഥമദൃഷ്ട്യാ കാണുന്നതെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഖൈദേം മണി പറഞ്ഞു.

ഹഷീന ബീഗത്തെ മ്യാന്‍മറിലേക്ക് നാടുകടത്താനുള്ള പദ്ധതി ശരിയാണെങ്കില്‍ നിര്‍ത്തിവയ്ക്കാന്‍ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് പറഞ്ഞു. മാര്‍ച്ച് 24നകം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും പോലിസിനോടും കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it