Sub Lead

ഒമ്പത് പേരെ കൊന്ന കടുവയെ വെടിവച്ച് കൊന്നു

ഒമ്പത് പേരെ കൊന്ന കടുവയെ വെടിവച്ച് കൊന്നു
X

ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയില്‍ ഒമ്പത് പേരെ കൊന്ന കടുവയെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച് കൊന്നത്. അന്നേ ദിവസം രാവിലെ തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കടുവയെ കാണുന്നയിടത്ത് വച്ച് തന്നെ വെടിവച്ച് കൊല്ലാനുള്ള അനുമതി നല്‍കിയിരുന്നു.

കടുവയെ പിടിക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങളും നേരത്തെ നടത്തിയിരുന്നു. എന്നാല്‍, ആ നരഭോജി കടുവയെ പിടിക്കാനായില്ല എന്ന് മാത്രമല്ല അത് വേറെയും ആളുകളെ കൊല്ലാന്‍ തുടങ്ങി. വ്യാഴാഴ്ച ബിഹാറിലെ വാല്‍മികി ടൈഗര്‍ റിസര്‍വില്‍ ഒരാളെ ഇതേ കടുവ കൊന്നു. 27 ദിവസത്തിനുള്ളില്‍ ഈ കടുവ കൊല്ലുന്ന എട്ടാമത്തെ ആളായിരുന്നു അദ്ദേഹം.

ദാമ്രോ ഗോവര്‍ദ്ധന്‍ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് പോകുന്ന വഴിക്കാണ് സഞ്ജയ് മഹ്‌തോ എന്ന ഇയാളെ കടുവ ആക്രമിക്കുന്നത്. ഇയാളുടെ കഴുത്തിലെ എല്ല് കടുവയുടെ ആക്രമണത്തില്‍ ഒടിഞ്ഞതായും കഴുത്തില്‍ കടുവയുടെ കടിയേറ്റ പാടുകള്‍ കണ്ടെത്തിയതായും നാട്ടുകാര്‍ പറഞ്ഞു.

അതിന് ഒരു ദിവസം മുമ്പ്, ബാഗി പഞ്ചായത്തിന് കീഴിലുള്ള സിഹ്നി ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുകാരിയെ ഇതേ കടുവ കൊന്നതായും സംശയിക്കുന്നു. മഹാരാഷ്ട്രയിലെ അവ്‌നി എന്ന കടുവയെ കൊന്ന പ്രശസ്തനായ വേട്ടക്കാരന്‍ നവാബ് ഷഫത് ഖാനെ തന്നെയാണ് ഈ നരഭോജി കടുവയെ പിടിക്കാനും നിയമിച്ചത്.

എന്നാല്‍, പലതവണ ശ്രമിച്ചിട്ടും ഷഫത് ഖാന് കടുവയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സപ്തംബര്‍ 28 ന് കടുവ കെണിയില്‍ നിന്നും രക്ഷപ്പെട്ടു. തീര്‍ന്നില്ല, വേട്ടക്കാരന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും മുന്നില്‍ വച്ച് കെണിയില്‍ വച്ചിരുന്ന ആടിനെയും കൊണ്ടുപോയി.

Next Story

RELATED STORIES

Share it