Sub Lead

385 രോഗികള്‍ക്ക് ഒരു ഡോക്ടര്‍; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ വൈകുന്നതായി പരാതി

385 രോഗികള്‍ക്ക് ഒരു ഡോക്ടര്‍; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ വൈകുന്നതായി പരാതി
X

മലപ്പുറം: അധികൃതരുടെ കടുത്ത അനാസ്ഥയും അവഗണനയും മൂലം മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തുന്ന കൊവിഡ് രോഗികള്‍ ചികില്‍സ ലഭിക്കാതെ വലയുന്നതായി പരാതി. നിലവില്‍ 385 രോഗികള്‍ ചികില്‍സയിലുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. 146 പുരുഷന്‍മാരും 208 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പടെ 385 കൊവിഡ് രോഗികള്‍ ഉള്ളപ്പോഴാണ് ആവശ്യത്തിന് ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരായും ലഭ്യമാക്കാതെ അധികൃതര്‍ അവഗണന തുടരുന്നത്.

ഡോക്ടര്‍മാര്‍ ഇല്ലാത്തത് മൂലം രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. അവശ നിലയില്‍ എത്തുന്ന രോഗികള്‍ക്കും ഇത് തന്നേയാണ് അവസ്ഥ. ചികില്‍സയിലുള്ള രോഗികള്‍ക്കും ആശുപത്രി സേവനങ്ങള്‍ ലഭ്യമാവാന്‍ ഏറെ നേരെ കാത്തിരിക്കേണ്ടി വരുന്നതായി ഇവിടെയെത്തിയ രോഗികള്‍ പറയുന്നു. എക്‌സ്‌റേ, സ്‌കാനിങ്ങ്, ലാബ് പരിശോധനകള്‍ എന്നിവക്ക് വേണ്ടി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. എക്‌സ്‌റേ യൂനിറ്റ് മലപ്പുറം റോഡിന്റെ പഴയ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. അത്യാഹിത വിഭാഗത്തില്‍ നിന്നും ഏറെ അകലത്തില്‍ സ്ഥിതി ചെയ്യുന്ന എക്‌സ്‌റേ യൂനിറ്റിലേക്ക് രോഗികളെ തള്ളിക്കൊണ്ട് പോകേണ്ട അവസ്ഥയാണ്. ആവശ്യത്തിന് അറ്റന്റര്‍മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ രോഗികളെ കൊണ്ട് പോകാനും ഏറെ കാത്തിരിക്കണം.

മഞ്ചേരി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേരത്തെ പ്രക്ഷോഭം നടത്തിയിരുന്നു. മെഡിക്കല്‍ കോളജിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി ബജറ്റില്‍ തുക വകയിരുത്താത്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് ആരംഭിച്ചിട്ട് എട്ടു വര്‍ഷം പൂര്‍ത്തിയായി. ഇവിടെ പി.ജി കോഴ്‌സിനും ബി.എസ്.സി നഴ്‌സിംഗ് കോളേജിനും അനുമതി ലഭിച്ചതാണ്. എന്നാല്‍ ഇതിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നില്ല.

കോവിഡ് മഹാമാരി രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കൊവിഡ് ചികിത്സക്ക് മാത്രം ഉള്ള ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ ഈ ആശുപത്രിയെ ആശ്രയിച്ചിരുന്ന സാധാരണക്കാരായ പതിനായിരങ്ങള്‍ നട്ടംതിരിയുകയാണ്.

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ മഞ്ചേരിയില്‍ നിലവില്‍ സര്‍ക്കാര്‍ തലത്തില്‍ ചികിത്സാ സൗകര്യം രണ്ടു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്. അറുപതില്‍പരം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടെങ്കിലും ഇവരുടെ സേവനം മഞ്ചേരി നഗരസഭയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

Next Story

RELATED STORIES

Share it