Sub Lead

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്‍' ഷൈലേന്ദ്ര സിങ് ചൗഹാന്‍ അറസ്റ്റില്‍

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ സൈനികന്‍ ഷൈലേന്ദ്ര സിങ് ചൗഹാന്‍ അറസ്റ്റില്‍
X

ലഖ്‌നോ: പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന(എടിഎസ്) യുവാവിനെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ചിലെ പട്യാലി നിവാസിയായ ഷൈലേന്ദ്ര സിങ് ചൗഹാന്‍ എന്ന ശൈലേഷ് കുമാര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ ആര്‍മിയില്‍ ഒമ്പത് മാസത്തോളം താല്‍ക്കാലിക തൊഴിലാളിയായി ജോലി ചെയ്തിരുന്നതായി ലഖ്‌നോവില്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. വാഹനങ്ങളുടെ ലൊക്കേഷനും നീക്കവുമായി ബന്ധപ്പെട്ട സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനു വേണ്ടി ലഖ്‌നോവിലെ എടിഎസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷൈലേന്ദ്ര സിങ് ചൗഹാന്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെച്ചതായി എടിഎസ് അറിയിച്ചു. 'ഏകദേശം ഒമ്പത് മാസത്തോളം അരുണാചല്‍ പ്രദേശിലെ സൈന്യത്തില്‍ സിങ് താല്‍ക്കാലിക തൊഴിലാളിയായി ജോലി ചെയ്തിരുന്നതിനാല്‍ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നില്ലെങ്കിലും സൈന്യത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരുന്നത്. ശൈലേന്ദ്ര സിംഗ് ചൗഹാന്‍ എന്ന പേരില്‍ സൈനിക യൂനിഫോമിലുള്ള തന്റെ ചിത്രവും ഇയാള്‍ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരുന്നു.

വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹര്‍ലീന്‍ കൗര്‍ എന്ന സ്ത്രീയുമായി ഇയാള്‍ ഫേസ്ബുക്ക് വഴി ബന്ധപ്പെടുകയും മെസഞ്ചറില്‍ സംസാരിക്കുകയും ചെയ്തു. പിന്നീട് വാട്ട്‌സ്ആപ്പിലെ ഓഡിയോ കോളുകള്‍ വഴി ഐഎസ് ഐ ഏജന്റായിരുന്ന പ്രീതി എന്ന സ്ത്രീയുമായി സംസാരിക്കുകയും താനൊരു സൈനികനാണെന്നാണ് പരിചയപ്പെടുത്തിയതായും എടിഎസ് ആരോപിക്കുന്നു. ലൊക്കേഷനും വാഹനങ്ങളുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിങ് ഇയാള്‍ക്ക് കൈമാറുകയും പണത്തിന് പകരമായി സ്ത്രീക്ക് ഫോട്ടോകള്‍ അയച്ചുകൊടുത്തതായും ആരോപിക്കുന്നുണ്ട്. പ്രീതിയും ഹര്‍ലീന്‍ കൗറും വ്യാജ ഐഡന്റിറ്റിയുള്ള ഐഎസ്‌ഐ ഉദ്യോഗസ്ഥരാണെന്നാണ് മൊഴിയില്‍ പറയുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി എടിഎസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it