Sub Lead

ജാമ്യം വേണ്ട; വിചിത്രവാദവുമായി മലേഗാവ് സ്‌ഫോടനക്കേസ് പ്രതി കോടതിയില്‍

ജാമ്യം വേണ്ട; വിചിത്രവാദവുമായി മലേഗാവ് സ്‌ഫോടനക്കേസ് പ്രതി കോടതിയില്‍
X

മുംബൈ: നഗരത്തില്‍ താമസസൗകര്യമില്ലാത്തതിനാല്‍ കോടതി നടപടികളില്‍ ഹാജരാവാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ജാമ്യം വേണ്ടെന്ന് മലേഗാവ് സ്‌ഫോടനക്കേസ് പ്രതി. 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ സുധാകര്‍ ചതുര്‍വേദിയാണ് വ്യാഴാഴ്ച എന്‍ഐഎ പ്രത്യേക കോടതിയില്‍ വിചിത്രവാദം ഉന്നയിച്ചത്. നഗരത്തില്‍ താമസസൗകര്യമില്ലാത്തതിനാല്‍ മുംബൈയിലെ കോടതി നടപടികളില്‍ പങ്കെടുക്കാനാവില്ലെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. ജാമ്യം ലഭിച്ച ശേഷം ഭോപ്പാലിലെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. വിചാരണ കാലയളവില്‍ അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും ഹാജരാവാന്‍ കഴിയില്ലെന്നും താമസസൗകര്യമില്ലാത്തതിനാല്‍ നാളെ മുതല്‍ കോടതിയില്‍ വരാന്‍ കഴിയില്ലെന്നും സുധാകര്‍ ചതുര്‍വേദി കോടതിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ നിസ്സഹായത പരിഗണിച്ച് എന്ത് ഉത്തരവിട്ടാലും അംഗീകരിക്കുമെന്ന് അറിയിച്ചപ്പോള്‍ അഭിഭാഷകനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ച് കോടതി കത്ത് മടക്കിനല്‍കി.

മലേഗാവ് സ്‌ഫോടനക്കേസ് സിആര്‍പിസി സെക്ഷന്‍ 313 പ്രകാരം മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലാണുള്ളത്. വിചാരണയുടെ ഭാഗമായി കേസിലെ എല്ലാ പ്രതികളെയും ചോദ്യം ചെയ്യുന്നുണ്ട്. മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പ് കോടതി ഇംഗ്ലീഷിലും ഹിന്ദിയിലും മറാത്തിയിലും ചോദ്യങ്ങള്‍ നല്‍കി. കേസിലെ മറ്റൊരു പ്രതിയായ ഭോപാലിലെ ബിജെപി എംപി സാധ്വി പ്രജ്ഞാ സിങ് താക്കൂറും ആരോഗ്യകാരണങ്ങളാല്‍ തനിക്ക് രാവിലെ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഹിയറിങ് മാറ്റിവച്ചു. വിചാരണ അവസാനിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നതിനാലാണ് ചതുര്‍വേദി വിചിത്രവാദവുമായി രംഗത്തെത്തിയത്. മാസങ്ങളോളം ഹോട്ടല്‍ താമസസൗകര്യം താങ്ങാനാവുന്നില്ലെന്നും അതിനാല്‍ കോടതി സെഷനുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് കോടതിയെ അറിയിച്ചത്. മറ്റൊരു പ്രതിയായ റിട്ട. മേജര്‍ രമേഷ് ഉപാധ്യായയും സമാനമായ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളോട് പ്രകടിപ്പിച്ചു. 2008ലെ മലേഗാവ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം മുസ് ലിംകളെയാണ് പ്രതിചേര്‍ത്തിരുന്നതെങ്കിലും ഹിന്ദുത്വരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഭോപ്പാലിലെ ബിജെപി എംപിയായ സാധ്വി പ്രജ്ഞാ സിങ് താക്കൂറിന്റെ മോട്ടോര്‍ സൈക്കിളിലാണ് ബോംബ് ഘടിപ്പിച്ചതെന്നും കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it