Sub Lead

മലയാള സര്‍വകലാശാലാ നിയമന അട്ടിമറി; ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമം ചെറുക്കുക- കാംപസ് ഫ്രണ്ട്

യുജിസി മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം സംവരണം നടപ്പാക്കേണ്ടതെന്ന ഉത്തരവ് പാലിക്കപ്പെടാതെയാണ് നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് കണ്ടെത്തണം. ഇതേ രീതിയില്‍ യുജിസി നിയമം അട്ടിമറിച്ച് കേരള സര്‍വകലാശാലയില്‍ നടത്തിയ നിയമനങ്ങള്‍ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

മലയാള സര്‍വകലാശാലാ നിയമന അട്ടിമറി; ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമം ചെറുക്കുക- കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിയമന അട്ടിമറികളിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമത്തെ ചെറുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍. ഈ വര്‍ഷം വിവിധ പഠനവകുപ്പുകളിലേക്ക് നടത്തിയ നിയമനങ്ങളിലാണ് ഇഷ്ടക്കാരെ നിയമിക്കാന്‍ നീക്കം നടന്നിരിക്കുന്നത്. അധ്യാപക ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍നിന്ന് ഉയര്‍ന്ന യോഗ്യതകളുള്ളവരെ മാറ്റിനിര്‍ത്തുകയും സര്‍വകലാശാലാ വിസിക്കും ഇന്റര്‍വ്യൂ ബോര്‍ഡ് അംഗത്തിനും താല്‍പര്യമുള്ള വ്യക്തികളെ അനധികൃതമായി നിയമിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവില്ല.

ചലച്ചിത്ര വകുപ്പിലെ അധ്യാപക നിയമനത്തിന് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത യോഗ്യരായ മറ്റു ഉദ്യോഗാര്‍ഥികള്‍ ഉണ്ടെന്നിരിക്കെ വിഷയവുമായി ബന്ധമില്ലാത്ത വ്യക്തിയെ നിയമിച്ചത് പ്രതിഷേധാര്‍ഹമാണ്. സാഹിത്യ പഠനവകുപ്പിലും സമാനമായ പരാതി ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ചിട്ടുണ്ട്. നിയമനങ്ങളുമായി ബന്ധപ്പെട്ട് സംവരണ അട്ടിമറിയും നടന്നതായി വ്യക്തമാവുന്നുണ്ട്. യുജിസി മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം സംവരണം നടപ്പാക്കേണ്ടതെന്ന ഉത്തരവ് പാലിക്കപ്പെടാതെയാണ് നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് കണ്ടെത്തണം. ഇതേ രീതിയില്‍ യുജിസി നിയമം അട്ടിമറിച്ച് കേരള സര്‍വകലാശാലയില്‍ നടത്തിയ നിയമനങ്ങള്‍ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

മാത്രമല്ല, നിയമനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലും സംവരണ ക്രമപട്ടികയിലും തിയ്യതി നല്‍കിയിട്ടുമില്ല. ഈ അസാധാരണ നടപടികള്‍ സംശയാസ്പദവും സംവരണ അട്ടിമറിയെന്ന ഉദ്യോഗാര്‍ഥികളുടെ വാദം ബലപ്പെടുത്തുന്നതുമാണ്. വിവിധ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ അടുത്തിടെ ഉയര്‍ന്നുവന്നിട്ടുള്ള നിയമനവിവാദങ്ങള്‍ സര്‍വകലാശാലാ നിയമനങ്ങളിലെ സുതാര്യതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും വിശ്വാസ്യതയെ തകര്‍ക്കുന്നതുമാണ്. മലയാളം സര്‍വകലാശാലയിലേത് ഉള്‍പ്പെടെ മുഴുവന്‍ നിയമന അട്ടിമറികളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആസിഫ് എം നാസര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it