Sub Lead

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും കുടുംബത്തിന്റെയും 1,400 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും കുടുംബത്തിന്റെയും 1,400 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
X

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ബിനാമി സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. വിവിധ സംസ്ഥാനങ്ങളിലായുള്ള അജിത് കുമാറുമായി ബന്ധമുള്ള 1,400 കോടിയുടെ അഞ്ച് വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഡല്‍ഹിയിലെ 20 കോടിയുടെ ഫ്‌ളാറ്റ്, ദക്ഷിണ മുംബൈ നരിമാന്‍ പോയിന്റിലെ 25 കോടിയോളം വിലവരുന്ന നിര്‍മല്‍ ടവറിലുള്ള അജിത് പവാറിന്റെ ഓഫിസ്, ജരന്തേശ്വറിലെ 600 കോടിയുടെ പഞ്ചസാര ഫാക്ടറി, ഗോവയില്‍ 250 കോടി വിലമതിക്കുന്ന റിസോര്‍ട്ട്, തെക്കന്‍ ഡല്‍ഹിയിലെ ഫ്‌ളാറ്റ്, സംസ്ഥാനത്തുടനീളമുള്ള രണ്ട് ഡസനിലധികം സ്ഥലങ്ങളില്‍ 500 കോടി രൂപ വിപണി മൂല്യമുള്ള ഭൂമി തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. അജിത് പവാറും കുടുംബവും കണ്ടുകെട്ടിയ ബിനാമി സ്വത്തുക്കളുടെ ഗുണഭോക്താക്കളാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ബിനാമി വിരുദ്ധ നിയമം അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. എന്‍സിപി നേതാവ് അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ബിനാമി സ്വത്തുക്കള്‍ 1988ലെ ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമപ്രകാരം താല്‍ക്കാലികമായി കണ്ടുകെട്ടി ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ആദായനികുതി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍. കഴിഞ്ഞ മാസം പവാറിന്റെ സഹോദരിമാരുടെ ഉടമസ്ഥതയിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

എന്നാല്‍, ഇതിനെതിരേ പവാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. താനുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സ്ഥിരമായി നികുതി അടച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാ വര്‍ഷവും നികുതി അടയ്ക്കുന്നു. ധനമന്ത്രി കൂടിയായതിനാല്‍ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് നന്നായി അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 40 വര്‍ഷം മുമ്പ് വിവാഹിതരായ എന്റെ സഹോദരിമാരുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യപ്പെട്ടതില്‍ ഞാന്‍ അസ്വസ്ഥനാണ്.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ കേന്ദ്രമന്ത്രി ശരത് പവാറും തന്റെ അനന്തരവനുമായി ബന്ധപ്പെട്ട റെയ്ഡില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ചു. ഇത് 'അധികാര ദുരുപയോഗം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 750 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ അജിത് പവാറിന്റെ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലുള്ള സത്താരയിലെ പഞ്ചസാര ഫാക്ടറിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it