Big stories

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം;18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം;18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
X
മുംബൈ: മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവേസന ബിജെപി മന്ത്രിസഭ വികസിപ്പിച്ചു.18 എംഎല്‍എമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ബിജെപിയുടേയും ശിവസേനയുടേയും ഒമ്പത് എംഎല്‍എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്.എല്ലാവരും കാബിനറ്റ് മന്ത്രിമാരാണ്.രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിജെപിയില്‍നിന്ന് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും ശിവസേനയില്‍നിന്ന് ദാദാ ഭുസെ, ഉദയ് സാമന്ത്, ഗുലാബ്‌റാവു പാട്ടീല്‍, ശംഭുരാജേ ദേശായ്, സന്ദീപന്‍ ഭുംറെ, സഞ്ജയ് റാത്തോഡ്, തനാജി സാവന്ത്, ദീപക് കേരസര്‍കര്‍, അബ്ദുള്‍സത്താര്‍ എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്.ഇതുവരെ മുഖ്യമന്ത്രി ഷിന്‍ഡേയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായിരുന്നു ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.ഇന്നത്തെ വികസനത്തോടെ മന്ത്രിമാരുടെ എണ്ണം 20 ആയി. മന്ത്രിസഭയിയല്‍ വനിതാ അംഗങ്ങള്‍ ഇല്ല.

ജൂണ്‍ 30നായിരുന്നു ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്.ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിസഭാവികസനം നടന്നിരിക്കുന്നത്.ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു ഷിന്‍ഡെ മുഖ്യമന്ത്രിയായത്.ഉദ്ധവ് താക്കറെ പക്ഷത്തുനിന്ന് ഏക്‌നാഥ് ഷിന്‍ഡേ പക്ഷത്തേക്ക് 40 എംഎല്‍എമാര്‍ കൂറുമാറിതോടെയാണ് ഉദ്ധവ് സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടിവന്നത്.

Next Story

RELATED STORIES

Share it