Sub Lead

ബിജെപി നേതൃത്വത്തെ വെട്ടിലാക്കി സിഎഎയ്‌ക്കെതിരെ പ്രമേയവുമായി ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍

മഹാരാഷ്ട്രയിലെ പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പറേഷനാണ് പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയത്.

ബിജെപി നേതൃത്വത്തെ വെട്ടിലാക്കി സിഎഎയ്‌ക്കെതിരെ പ്രമേയവുമായി ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍
X

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാതി മത ഭേദമന്യേ രാജ്യമാകെ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ബിജെപി നിയന്ത്രണത്തില്‍ ഉള്ള മുനിസിപ്പല്‍ കൗണ്‍സില്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കി. മഹാരാഷ്ട്രയിലെ പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പറേഷനാണ് പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയത്. 28 അംഗ കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.

അതേസമയം, രണ്ട് ശിവസേന കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് പൗരത്വ നിയമം. ഇത് മതേതര തത്വങ്ങള്‍ക്ക് എതിരാണ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പൗരത്വം തെളിയിക്കാന്‍ നിരവധി പുതിയ രേഖകള്‍ ഈ നിയമപ്രകാരം സമര്‍പ്പിക്കേണ്ടതുണ്ട്.

നിയമം നിരവധി പൗരന്മാരുടെ പൗരത്വം ഇല്ലാതാക്കും. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിയമം വലിയ ഭയം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിഎഎയും എന്‍ആര്‍സിയും മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കരുതെന്നു പ്രമേയത്തില്‍ പറയുന്നു. സിഎഎ വിവേനചനപരമാണെന്ന് കൗണ്‍സലര്‍ റഹീം പ്രതികരിച്ചു. നിയമം സമൂഹത്തിലെ ന്യൂനപക്ഷങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും ബാധിക്കും. അതുകൊണ്ടാണ് ബിജെപി അംഗങ്ങളായിട്ട് കൂടി തങ്ങള്‍ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയതെന്ന് റഹീം പറഞ്ഞു. പ്രമേയത്തിനെതിരേ യാതൊരു എതിര്‍പ്പുകളുമുണ്ടായില്ലെന്ന് ചെയര്‍മാന്‍ വിനോദ് ബൊറാദേയും പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് മുനിസിപ്പല്‍ കൗണ്‍സിലിലെ ചെയര്‍മാന്‍ വിനോദ് ബൊറാദേ ഉള്‍പ്പെടെയുള്ള 17 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ജനശക്തി വികാസ് അഗാഡി അംഗങ്ങളായിരുന്നു ഇവര്‍. അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജിന്റൂര്‍സേലു മേഖലയില്‍ നിന്നുള്ള മേഘന ബോര്‍ധികര്‍ എംഎല്‍എയുടെ അടുത്ത അനുയായി ആണ് വിനോദ് ബൊറേദ്. അതേസമയം സിഎഎ അനുകൂല കാംപയ്‌നുകള്‍ ബിജെപി രാജവ്യാപകമായി നടപ്പാക്കുന്നതിനിടെയാണ് തങ്ങള്‍ ഭരിക്കുന്ന മുനിസിപ്പാലിറ്റി തന്നെ നിയമത്തിനെതിരെ പ്രമേയം പാസാക്കി ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it