Sub Lead

പാകിസ്താന് രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കി; നാവികസേനയിലെ ഇന്റേണിയായ യുവാവ് അറസ്റ്റില്‍

പാകിസ്താന് രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കി; നാവികസേനയിലെ ഇന്റേണിയായ യുവാവ് അറസ്റ്റില്‍
X
മുംബൈ: പാകിസ്താന്‍ ആസ്ഥാനമായുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ഒരാളെ അറസ്റ്റ് ചെയ്തു. നാവികസേനയുടെ ഡോക്ക് യാര്‍ഡില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന ജല്‍ഗാവ് സ്വദേശിയായ ഗൗരവ് പാട്ടീലി(23)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ബിരുദധാരിയായ യുവാവ് പാകിസ്താന്‍ ആസ്ഥാനമായുള്ള രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്‌തെന്നാണ് ആരോപണം. പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പാക് പൗരന്മാരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ആരോപണം. പശ്ചിമ ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരാളുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്നും കപ്പലിന്റെ പേരുകളും ചിത്രങ്ങളും സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചതിന് പണം നല്‍കിയിരുന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ആറ് മാസമായി ഇടപാടുകള്‍ക്ക് പകരമായി പാട്ടീലിന് പണം ലഭിച്ചെന്നാണ് എടിഎസ് ആരോപിക്കുന്നത്. സംഭവത്തില്‍ ഗൗരവ് പാട്ടീലിനും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് മൂന്ന് പേര്‍ക്കുമെതിരെ എടിഎസ് കേസെടുത്തു. സംശയിക്കുന്നയാള്‍ പങ്കുവെച്ച വിവരങ്ങളുടെ സ്വഭാവം വെളിപ്പെടുത്താന്‍ എടിഎസ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. എടിഎസ് ഇയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരീക്ഷിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടിലുണ്ട്.

ഈ വര്‍ഷം ആദ്യം, മെയ് മാസത്തില്‍ സമാനമായ കേസില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും സംഘപരിവാര ബന്ധമുള്ളയാളുമായ പ്രദീപ് കുരുല്‍ക്കറെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ മിസൈല്‍ സംവിധാനങ്ങളെക്കുറിച്ചും പ്രതിരോധ പദ്ധതികളെക്കുറിച്ചും 'സാരാ ദാസ്ഗുപ്ത' എന്നറിയപ്പെടുന്ന ഒരു വ്യക്തിക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്നാണ് ആരോപണം. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് തന്നോട് സൗഹൃദം സ്ഥാപിച്ച യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയറാണെന്ന് ദാസ്ഗുപ്ത അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എടിഎസ് ഐപി വിലാസം പരിശോധിച്ചപ്പോഴാണ് പാകിസ്താനിലാണെന്നു കണ്ടെത്തിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രദീപ് കുരുല്‍ക്കര്‍ക്കെതിരേ 1800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it