Sub Lead

മധ്യപ്രദേശിലെ മദ്‌റസകളുടെ എണ്ണത്തില്‍ വന്‍കുറവ്; ബിജെപി സര്‍ക്കാരിന്റെ ചട്ടങ്ങളാണ് പ്രശ്‌നമെന്ന് നടത്തിപ്പുകാര്‍

മധ്യപ്രദേശിലെ മദ്‌റസകളുടെ എണ്ണത്തില്‍ വന്‍കുറവ്; ബിജെപി സര്‍ക്കാരിന്റെ ചട്ടങ്ങളാണ് പ്രശ്‌നമെന്ന് നടത്തിപ്പുകാര്‍
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്‌റസകളുടെ എണ്ണം കുറഞ്ഞെന്ന് റിപോര്‍ട്ട്. 2019ല്‍ മദ്‌റസാ ബോര്‍ഡില്‍ 2,689 മദ്‌റസകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 1,600 ആയി കുറഞ്ഞു. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന വ്യവസ്ഥകളാണ് മദ്‌റസകള്‍ പൂട്ടാന്‍ കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

മദ്‌റസ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കാനും ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, ഗണിതം എന്നിവ പഠിപ്പിക്കാനുമാണ് 1998ല്‍ മദ്‌റസ ബോര്‍ഡ് സ്ഥാപിച്ചത്. നിരവധി കുട്ടികള്‍ ഈ മദ്‌റസകളില്‍ പഠിച്ച് ഉന്നത പദവികളില്‍ എത്തി. എന്നാല്‍, ബിജെപി സര്‍ക്കാര്‍ 2021ല്‍ മദ്‌റസകള്‍ക്കുള്ള ഗ്രാന്റുകള്‍ നിര്‍ത്തി. പ്രതിവര്‍ഷം 72,000 രൂപയാണ് മദ്‌റസകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബിഎഡ് യോഗ്യതയുള്ള അധ്യാപകര്‍ക്ക്(ഒരു സ്ഥാപനത്തില്‍ പരമാവധി മൂന്നു പേര്‍) 1.44 ലക്ഷവും നല്‍കിയിരുന്നു. ഈ ഗ്രാന്റ് ഇല്ലാതായതോടെ മദ്‌റസകളുടെ പ്രവര്‍ത്തനം താറുമാറായി.

താന്‍ മദ്‌റസ പൂട്ടുകയാണെന്നും കുട്ടികള്‍ക്ക് ടിസികള്‍ നല്‍കിയതായും മൊറീന ജില്ലയിലെ ജൗറയില്‍ മദ്‌റസ നടത്തുന്ന പര്‍വേസ് ഖുറേഷി പറഞ്ഞു. ഗ്രാന്റ് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മദ്‌റസകളുടെ അംഗീകാരം പുതുക്കാനുള്ള സര്‍ക്കാര്‍ ചട്ടം കടുപ്പമേറിയതാണെന്ന് ഭോപ്പാലിലെ ആരിഫ് നഗറില്‍ മദ്‌റസ നടത്തുന്ന കഫീല്‍ അഹമദ് പറഞ്ഞു. '' സ്വകാര്യ സ്‌കൂളുകള്‍ക്ക് അംഗീകാരം പുതുക്കാന്‍ ഇത്രയും കടുപ്പമുള്ള വ്യവസ്ഥകളില്ല. എന്നാല്‍, സമാനമായ കടമനിര്‍വഹിക്കുന്ന മദ്‌റസകള്‍ക്കുള്ള വ്യവസ്ഥ കഠിനമാണ്. അംഗീകാരം പുതുക്കാന്‍ മദ്‌റസകള്‍ 6,000 രൂപ ഫീസായും നല്‍കണം.''- കഫീല്‍ അഹമദ് വിശദീകരിച്ചു. ഇതെല്ലാം മൂലം ഭോപ്പാലിലെ 215 മദ്‌റസകള്‍ മാത്രമാണ് ഇത്തവണ അംഗീകാരം പുതുക്കാന്‍ അപേക്ഷ നല്‍കിയത്.

ബിജെപി സര്‍ക്കാര്‍ മദ്‌റസകള്‍ക്ക് എതിരാണെന്നും അതുകൊണ്ടാണ് അവര്‍ കഠിനമായ നയങ്ങള്‍ കൊണ്ടുവരുന്നതെന്നും ഭോപ്പാലിലെ പുട്‌ലി ഘര്‍ പ്രദേശത്ത് മദ്‌റസ നടത്തുന്ന ഒരാള്‍ പറഞ്ഞു. ''സര്‍ക്കാര്‍ കൊണ്ടുവന്ന ഓരോ വ്യവസ്ഥകളും ഞങ്ങളെ പരാജയപ്പെടുത്താനുള്ളതാണ്. സ്വകാര്യവ്യക്തികള്‍ നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് പല മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. 2028ല്‍ അംഗീകാരം പുതുക്കുമ്പോള്‍ സംസ്ഥാനത്ത് ആകെ 20 മദ്‌റസകളേ ബാക്കി കാണൂ.''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it