Sub Lead

ഗവര്‍ണര്‍ വന്ന് വീടിന്റെ താക്കോല്‍ കൈമാറൽ ചടങ്ങ്; ആദിവാസി കുടുംബത്തിന് 14,000 രൂപയുടെ ബില്‍

അധികൃതര്‍ ബുധ്‌റാമിന്റെ വീട്ടില്‍ പുതിയ അലങ്കാര ഗേറ്റും ഫാനുകളും സ്ഥാപിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന് തൊട്ടുപിറ്റേന്ന് പഞ്ചായത്ത് അംഗങ്ങള്‍ വന്ന് ഫാന്‍ എടുത്തുകൊണ്ടു പോവുകയും ഗേറ്റിന്റെ വിലയായ 14,000 രൂപയുടെ ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഗവര്‍ണര്‍ വന്ന് വീടിന്റെ താക്കോല്‍ കൈമാറൽ ചടങ്ങ്; ആദിവാസി കുടുംബത്തിന് 14,000 രൂപയുടെ ബില്‍
X

ഭോപ്പാല്‍: സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങിന്റെ പേരിൽ ആദിവാസി കുടുംബത്തിന് 14000 രൂപ ബില്ലിട്ട് പഞ്ചായത്ത് അധികൃതർ. വീടിന്റെ താക്കോല്‍ കൈമാറി ബുധ്‌റാമിനും കുടുംബത്തിനും ഒപ്പം ഉച്ചഭക്ഷണവും കഴിച്ച് ഗവര്‍ണര്‍ മംഗുഭായ് സി പട്ടേല്‍ മടങ്ങിയതിന് പിന്നാലെ 14,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ ബുധ്‌റാമിന് ബില്‍ നല്‍കുകയായിരുന്നു.

വിദിഷാ ജില്ലാ സന്ദര്‍ശന വേളയിലാണ്, ബുധ്‌റാമിന്റെ നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ ഗൃഹപ്രവേശ ചടങ്ങിന് ഗവര്‍ണറും സംഘവും എത്തിയത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിലായിരുന്നു ബുധ്‌റാമിന്റെ വീട് നിര്‍മാണം. ഗവര്‍ണറുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രാദേശിക അധികൃതരും ഉദ്യോഗസ്ഥരും ബുധ്‌റാമിന്റെ വീടും പരിസരവും മോടി പിടിപ്പിച്ചിരുന്നു. അധികൃതര്‍ ബുധ്‌റാമിന്റെ വീട്ടില്‍ പുതിയ അലങ്കാര ഗേറ്റും ഫാനുകളും സ്ഥാപിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന് തൊട്ടുപിറ്റേന്ന് പഞ്ചായത്ത് അംഗങ്ങള്‍ വന്ന് ഫാന്‍ എടുത്തുകൊണ്ടു പോവുകയും ഗേറ്റിന്റെ വിലയായ 14,000 രൂപയുടെ ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഓഫീസര്‍മാര്‍ വന്നു. അവര്‍ പറഞ്ഞു, ഗവര്‍ണര്‍ ഇവിടെനിന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന്. 14,000 രൂപ വിലവരുന്ന ഗേറ്റ് സ്ഥാപിച്ചു. ഇപ്പോള്‍ അവര്‍ എന്നോട് പണം അടയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. പണം കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നേല്‍ ഗേറ്റ് പിടിപ്പിക്കാന്‍ സമ്മതിക്കില്ലായിരുന്നു - ബുധ്‌റാം എന്‍ഡിടിവിയോടു പ്രതികരിച്ചു. പുതിയ വീട്ടിലേക്ക് പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം, പാചക വാതക കണക്ഷന്‍ എന്ന വാഗ്ദാനവും ബുധ്‌റാമിന് ലഭിച്ചിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും ഇത് ലഭിച്ചിട്ടില്ല. വീടിന്റെ പണി പൂര്‍ത്തിയാകാത്തതാണ് ഇതിന് കാരണം.

അതേസമയം, സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് നഗര വികസന വകുപ്പു മന്ത്രി ഭൂപേന്ദ്ര സിങ് പ്രതികരിച്ചു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പാവങ്ങളെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ചൗധരി പറഞ്ഞു.

Next Story

RELATED STORIES

Share it