Sub Lead

മധു കൊലക്കേസ്; വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

മധു കൊലക്കേസ്; വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു
X

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. ഹരജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനെ മാറ്റി അസി.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മല്ലി ജൂണ്‍ 12ന് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വരുന്നതുവരെ പാലക്കാട് മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയില്‍ നടന്നുവരുന്ന കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും വിചാരണ തുടര്‍ന്നാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും മല്ലി നല്‍കിയ ഹരജിയില്‍ പറയുന്നു.

വിചാരണ തുടങ്ങിയപ്പോള്‍ കൂറുമാറ്റമുണ്ടായതിനെ തുടര്‍ന്നാണ് അമ്മ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ മൊഴി മാറ്റുന്നത്. കേസില്‍ സാക്ഷികള്‍ പലരും ഇതിനോടകം കൂറുമാറിയെന്നും കൂടുതല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നും മധുവിന്റെ കുടുംബം പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുവാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചത്.

എന്നാല്‍, സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണക്കോടതി മറുപടി നല്‍കി. കുടുംബത്തിന് അങ്ങനെ ഒരാവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയത്. കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി രാജേന്ദ്രന് വിചാരണയില്‍ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം. കഴിഞ്ഞ ദിവസം 10ാം സാക്ഷിയായ ഉണ്ണികൃഷ്ണന്‍, 11ാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയിരുന്നു.

Next Story

RELATED STORIES

Share it