Sub Lead

ലീലാവതി ടീച്ചറെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും മലയാളിയുടെ കടമ- വി ശിവന്‍കുട്ടി

ലീലാവതി ടീച്ചറെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും മലയാളിയുടെ കടമ- വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: ഗസയില്‍ ഇസ്രായേല്‍ പട്ടിണിക്കിട്ട കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഡോ. എം ലീലാവതിക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തെ അപലപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലീലാവതി ടീച്ചറെപ്പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

''മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. 98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹദ് വ്യക്തിത്വമാണ് ടീച്ചര്‍. ഗാസയിലെ കുട്ടികള്‍ വിശന്നിരിക്കുമ്പോള്‍ തനിക്ക് പിറന്നാളിന് ഉണ്ണാന്‍ തോന്നുന്നില്ല എന്ന് അവര്‍ പറഞ്ഞത്, ഒരു മനുഷ്യസ്നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ്.

അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയില്‍ സൈബര്‍ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്. അധ്യാപിക, നിരൂപക, എഴുത്തുകാരി എന്നീ നിലകളില്‍ ലീലാവതി ടീച്ചര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ക്ക് കേരളം എന്നും കടപ്പെട്ടിരിക്കുന്നു. ലീലാവതി ടീച്ചറെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.''

ഗസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ തനിക്കെങ്ങനെയാണ് തൊണ്ടയില്‍ നിന്നും ചോറ് ഇറങ്ങുക എന്നായിരുന്നു ലീലാവതി ടീച്ചര്‍ തന്റെ 98ാം പിറന്നാള്‍ ദിനത്തില്‍ പ്രതികരിച്ചത്. അതേത്തുടര്‍ന്നാണ് ഹിന്ദുത്വരും അവരുടെ പിണിയാളുകളും ടീച്ചര്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തിയത്.

Next Story

RELATED STORIES

Share it