Sub Lead

എം ശിവശങ്കറിനെ ചോദ്യം ചെയ്യും; നോട്ടിസ് നൽകാൻ ഒരുങ്ങി കസ്റ്റംസ്

പല കടത്തിന്റെയും ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്ളാറ്റിൽ വെച്ചാണെന്ന് സരിത് മൊഴി നൽകിയിരുന്നു.

എം ശിവശങ്കറിനെ ചോദ്യം ചെയ്യും; നോട്ടിസ് നൽകാൻ ഒരുങ്ങി കസ്റ്റംസ്
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയായിരിക്കും ചോദ്യം ചെയ്യുക. ഉടൻ തന്നെ നോട്ടിസ് നൽകും.

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. സ്വർണക്കടത്ത് കേസിൽ ഗൂഢാലോചന നടന്ന ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പല കടത്തിന്റെയും ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്ളാറ്റിൽ വെച്ചാണെന്ന് സരിത് മൊഴി നൽകിയിരുന്നു. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും സരിത് പറഞ്ഞു. സ്വർണ്ണക്കടത്ത് റാക്കറ്റിലെ മുകൾ തട്ടിലെ കണ്ണികളെ വെളിപ്പെടുത്തി റമീസും മൊഴി നൽകിയിട്ടുണ്ട്.

അതിനിടെ നയതന്ത്ര ചാനൽ വഴി ജൂണിൽ 27 കിലോ സ്വർണം കടത്തിയെന്ന് വ്യക്തമായി. ജൂൺ 24, 26 തീയതികളിലാണ് സ്വർണ്ണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് എത്തിയത്. ഇത് സരിത്താണ് കൈപ്പറ്റിയത്. സ്വർണം അയച്ചത് ദുബൈയിലുള്ള ഫൈസൽ ഫരീദാണെന്നും വ്യക്തമായതായി കസ്റ്റംസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായി. കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന ജലാൽ ഉൾപ്പെടെയാണ് പിടിയിലായത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

Next Story

RELATED STORIES

Share it