Sub Lead

സ്വര്‍ണക്കടത്ത് കേസ്: കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും പി ടി തോമസും

സ്വര്‍ണക്കടത്ത് കേസ്:    കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും പി ടി തോമസും
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നല്‍കിയ അടിയന്തരപ്രമേയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും പി ടി തോമസ് എംഎല്‍എയും. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്ന വന്നോ എന്നതടക്കം വ്യക്തിപരമായ ആരോപണങ്ങള്‍ പി ടി തോമസ് ഉന്നയിച്ചപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടന്നപ്പോള്‍ കേന്ദ്രഏജന്‍സികള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് ആരാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. സ്വര്‍ണക്കടത്ത് വഴി കിട്ടുന്ന പണം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോര്‍ക്കണം എന്നും മുഖ്യമന്ത്രി പി ടി തോമസിനോട് പറഞ്ഞു.

''റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടന്നപ്പോള്‍ കേന്ദ്രഏജന്‍സികള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ആരുമല്ല. കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു തെളിവുകള്‍ കണ്ടെത്തണം. അല്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകല്‍ അല്ല. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാന്‍ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങള്‍. കേരള സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട'', എന്ന് പി ടി തോമസിനോട് മുഖ്യമന്ത്രി.

'താങ്കളൊരു കമ്മ്യൂണിസ്റ്റാണോ?'

കേന്ദ്രഏജന്‍സികളുടെ പട തന്നെ വന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടിയെന്നും, ശിവശങ്കറിന്റെ ചെയ്തികളില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണെന്നുമാണ് പി ടി തോമസ് സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ആരോപിച്ചത്. ''ലാവലിന്‍ കാലത്ത് തുടങ്ങിയതാണ് എം ശിവശങ്കരന്‍ ഐഎഎസ്സുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം. സ്വപ്നയുമായി ശിവശങ്കരന്‍ വിദേശയാത്രകള്‍ക്ക് പോയപ്പോള്‍ ചോദ്യം ചെയ്യാനുള്ള ഉളുപ്പ് പോലും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വപ്ന ജയിലിലായപ്പോള്‍, പോലീസ് അസോസിയേഷന്‍ നേതാവിനെ വിട്ട് വിരട്ടുകയാണ് ചെയ്തത്. ഒരു ടിഷ്യു പേപ്പര്‍ കാണിച്ചാലും ഒപ്പിട്ട് കൊടുക്കുന്ന മരമണ്ടന്‍ ആണോ മുഖ്യമന്ത്രി എന്ന് പി ടി തോമസ് ചോദിക്കുന്നു. മുഖ്യമന്ത്രിയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ആരാണ്? മുഖ്യമന്ത്രിയെയോ കുടുംബങ്ങളേയോ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ടോ? താങ്കളുടെ വീട്ടിലെ ഒരു കല്യാണ തലേന്ന് സ്വപ്ന സുന്ദരി വന്നിരുന്നോ? കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും കൂട്ട് നില്‍ക്കുന്ന നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആണോ? പുത്രവാല്‍സല്യത്താല്‍ അന്ധനായി തീര്‍ന്ന ധൃതരാഷ്ട്രരെ പോലെ പുത്രീ വാല്‍സല്യത്താല്‍ കേരളത്തെ നശിപ്പിക്കരുത്. അധോലോകനായകനാകാതിരിക്കാന്‍ താങ്കളെ ഞാന്‍ ആശംസിക്കുന്നു'', എന്ന് പി ടി തോമസ്.

'തോമസിന് ഈ പിണറായിയെ ശരിക്ക് മനസ്സിലായിട്ടില്ല'

ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പി ടി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തിരിച്ചടിച്ചത്. സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ല. പ്രമേയ അവതാരകനെ നിയന്ത്രിക്കാന്‍ ചെന്നിത്തലയ്ക്ക് കഴിയില്ലല്ലോ. മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ ആണ് മോഹം. ആ മോഹം ഇത് വരെ പൂവണിഞ്ഞിട്ടില്ല. ശിവശങ്കരന് ഐഎഎസ് കിട്ടിയത് എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. പല ചുമതലകളും വഹിക്കാന്‍ അദ്ദേഹം പ്രാപ്തന്‍ തന്നെയായിരുന്നു. നടക്കാന്‍ പാടില്ലാത്തത് നടന്നു. അതിനെതിരെ സര്‍ക്കാര്‍ നടപടിയുമെടുത്തു. ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയത്തില്‍ രാഷ്ട്രീയപരമായ ഇടപെടല്‍ നടത്തിയപ്പോഴാണ് സംസ്ഥാനം നിലപാടെടുത്ത് തുടങ്ങിയത്. ശിവശങ്കരന്റെ വിദേശയാത്രയില്‍ തനിക്ക് എന്തിനാണ് ഉളുപ്പുണ്ടാകണ്ടത്?

പി ടി തോമസിന് പിണറായി വിജയനെ ശരിക്ക് മനസ്സിലായിട്ടില്ല. തന്നെ കുറേനാള്‍ പ്രതിയാക്കാന്‍ നടന്നതല്ലേ. എന്നിട്ടെന്തായി? കേസ് കോടതി വലിച്ചെറിഞ്ഞു. ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് പറയാന്‍ ഉള്ള മനക്കരുത്ത് ഈ നെഞ്ചില്‍ ഉണ്ട്. തന്റെ കൈകള്‍ ശുദ്ധമാണ്. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് പി ആര്‍ ഏജന്‍സികള്‍ അല്ല. കമ്മ്യൂണിസ്റ്റ്കാരെ ജയില്‍ കാണിച്ചു പേടിപ്പിക്കരുത്. അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി. ഇപ്പൊ നട്ടെല്ല് ഉയര്‍ത്തിയാണ് നില്‍ക്കുന്നത്.

ക്ലിഫ് ഹൗസിലെ വലിയ റൂമില്‍ വച്ചാണ് മകളുടെ കല്യാണം നടന്നത്. ആ റൂം നിങ്ങള്‍ക്ക് എല്ലാം അറിയാമല്ലോ അല്ലേ? കല്യാണത്തലേന്നും, അന്നും സ്വപ്ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജന്‍സിയും ചോദ്യം ചെയ്തിട്ടുമില്ല. ഞങ്ങള്‍ക്ക് ഞെളിഞ്ഞ് ഇരിക്കാന്‍ അവകാശം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഞെളിഞ്ഞു ഇരിക്കുന്നത്. എല്ലാവരുടെയും നേരെ വല വീശിയില്ല. ഒരു പരല്‍ മീനിനെ പോലും കിട്ടിയില്ലല്ലോ? ഇത് വേറെ ജനുസ്സാണ്'', എന്ന് മുഖ്യമന്ത്രി.

Next Story

RELATED STORIES

Share it