Sub Lead

കൈയേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാര്‍ നയം; എം എം മണിക്ക് മറുപടിയുമായി മന്ത്രി രാജന്‍

കൈയേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാര്‍ നയം; എം എം മണിക്ക് മറുപടിയുമായി മന്ത്രി രാജന്‍
X

കോഴിക്കോട്: അനധികൃത കൈയേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാരിന്റെ കൂടി നയമാണെന്നും ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കിവച്ചവര്‍ നിയമ നടപടിക്ക് വിധേയമാവേണ്ടിവരുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. ചിന്നക്കനാലിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിക്കെതിരേ സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം എം മണി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍, എം എം മണി പറഞ്ഞത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യം. ഏതെങ്കിലും ഒരു പാര്‍ട്ടിയോ വ്യക്തിയോ എടുക്കുന്നതല്ല സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ നിലപാടുമായി മുന്നോട്ടുപോവും. കരിമ്പൂച്ചയും ജെസിബിയുമാണ് ദൗത്യസംഘമെന്ന് ആരും ദുഃസ്വപ്നം കാണേണ്ട. കൊമ്പന്‍മീശ ഇല്ലാത്ത ഉദ്യോഗസ്ഥനെ വച്ചും ദൗത്യസംഘം പ്രവര്‍ത്തിക്കും. അനധികൃത കൈയേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാരിന്റെകൂടി നയമാണെന്നും മന്ത്രി പറഞ്ഞു.

കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് അവിടെയിരുന്ന് ഓരോന്നു ചെയ്താല്‍ മതിയെന്നുമായിരുന്നു എം എം മണിയുടെ പ്രസ്താവന. കൈയേറ്റം ഒഴിപ്പിക്കുന്നതിനു മുമ്പ് റദ്ദാക്കിയ പട്ടയങ്ങള്‍ കൊടുക്കാന്‍ തയ്യാറാവണം. റവന്യൂവകുപ്പിന്റെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയെക്കുറിച്ച് ഒന്നും പറയുന്നില്ല. നടപടിയെ സ്വാഗതം ചെയ്യുന്നില്ല. ന്യായമായ ഭൂമിയും കൃഷിയും നടത്തുന്നവരെ ഒഴിപ്പിക്കരുത്. കുടിയേറ്റക്കാരെ കൈയേറ്റക്കാര്‍ എന്നു വിളിക്കരുത്. രാജഭരണകാലത്ത് കുറേയേറെപ്പേര്‍ക്കു ഭൂമി കൊടുത്തിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കും രാജഭരണകാലത്ത് കുറേ ഭൂമി എഴുതിക്കൊടുത്തിട്ടുണ്ട്. പീരുമേട് താലുക്കിലെ മുഴുവന്‍ ഭൂമിയും രാജഭരണകാലത്ത് കൊടുത്തിരുന്നതാണ്. ഈ ഭാഗങ്ങളെ കേരളത്തിന്റെ ഭാഗമാക്കാനായി പണ്ട് കുടിയേറ്റം പ്രോല്‍സാഹിപ്പിച്ചിരുന്നു. ഇന്നു ഭരിക്കുന്നവര്‍ക്ക് അതൊന്നും ബോധ്യമില്ല. 2023ല്‍ വന്ന് ഇവരെല്ലാം കൈയേറിയതാണെന്നു പറഞ്ഞാല്‍ ശുദ്ധ അസംബന്ധമാണെന്നാണ് എന്റെ അഭിപ്രായം. ദൗത്യസംഘം ഒഴിപ്പിക്കല്‍ തുടരുന്നതിനു മുന്‍പ്, പട്ടയം റദ്ദാക്കിയവര്‍ക്ക് പട്ടയം കൊടുത്താല്‍ ഗുണകരമാണ്. അതു ചെയ്യാതെ ഒഴിപ്പിക്കല്‍ തുടരുന്നത് അസംബന്ധമാണ്. ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടിസിനെ ചോദ്യം ചെയ്യാനും കോടതിയെ സമീപിക്കാനും ഭൂമി കൈവശം വച്ചവര്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു മണിയുടെ പ്രസ്താവന.

Next Story

RELATED STORIES

Share it