Sub Lead

സി കെ ജാനുവിന് കോഴ നല്‍കിയ കേസ്; ബിജെപി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 3.5 കോടി രൂപയെത്തിയെന്ന ഡിജിറ്റല്‍ തെളിവുകളും ഇമെയില്‍ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

സി കെ ജാനുവിന് കോഴ നല്‍കിയ കേസ്; ബിജെപി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
X

കൽപ്പറ്റ: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാർത്ഥിയാവാന്‍ ജെആര്‍പി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിന് കോഴ നല്‍കിയ കേസില്‍ ബിജെപി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കല്‍പറ്റ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് നേരത്തേ നല്‍കിയ നോട്ടിസിനെ തുടര്‍ന്നാണ് ഗണേഷ് ഹാജരായത്.

സി കെ ജാനുവിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവാന്‍ 35 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ മേഖലാ സെക്രട്ടറി കെ പി സുരേഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എം ഗണേഷിനേയും അന്വേഷണ സംഘം വിളിപ്പിച്ചത്. കേസില്‍ ഒന്നാംപ്രതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. നേരത്തേ ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൊഴികളില്‍ പ്രധാന പരാമര്‍ശമുള്ള ബിജെപി സംസ്ഥാന നേതാക്കളിലൊരാളാണ് എം ഗണേഷ്.

സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് കോഴനല്‍കിയെന്ന് ആരോപണവിധേയനായ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ രണ്ടുതവണ ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 3.5 കോടി രൂപയെത്തിയെന്ന ഡിജിറ്റല്‍ തെളിവുകളും ഇമെയില്‍ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇവ ചില സംസ്ഥാന നേതാക്കള്‍ക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ തുകയില്‍ നിന്ന് സി കെ ജാനുവിനും പണം കൈമാറിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് എം ഗണേഷിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്.

നേരത്തെ കൊടകര കുഴല്‍പ്പണ കേസിലും എം ഗണേഷിനെ ചോദ്യം ചെയ്തിരുന്നു. മറ്റുചില സാക്ഷികളുടെ കൂടി മൊഴിയെടുത്തതിന് ശേഷം കേസിലെ പ്രതികളായ കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും അടുത്ത ദിവസങ്ങളില്‍ തന്നെ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it