Big stories

വാണിജ്യ പാചകവാതക സിലിണ്ടര്‍ വില 256 രൂപ കൂട്ടി; സിഎന്‍ജി വിലയും കുത്തനെ വര്‍ധിപ്പിച്ചു

വാണിജ്യ പാചകവാതക സിലിണ്ടര്‍ വില 256 രൂപ കൂട്ടി; സിഎന്‍ജി വിലയും കുത്തനെ വര്‍ധിപ്പിച്ചു
X

കൊച്ചി: വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോയുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യദിവസം തന്നെ 256 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില 2,256 രൂപയായി. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 346 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ മാര്‍ച്ച് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 105 രൂപ വര്‍ധിപ്പിച്ചിരുന്നു.

തുടര്‍ന്ന് മാര്‍ച്ച് 22 ന് വില 9 രൂപ കുറയ്ക്കുകയായിരുന്നു. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയും മാര്‍ച്ച് 22ന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. വര്‍ദ്ധനവിന് ശേഷം, 14.2 കിലോഗ്രാം നോണ്‍ സബ്‌സിഡി എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ ഡല്‍ഹിയില്‍ 949.50 രൂപയാണ് വില. വാഹന ഉടമകള്‍ക്ക് ആശ്വാസമായ സിഎന്‍ജി വിലയും കുത്തനെ കൂട്ടി. ഒരുകിലോയ്ക്ക് എട്ടുരൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിഎന്‍ജി ഒരുകിലോയ്ക്ക് 72 രൂപയില്‍നിന്ന് 80 രൂപയായി. കോഴിക്കോട് 82 രൂപയാണ് വില. വിവിധ റോഡുകളിലെ ടോള്‍ നിരക്ക് 10 ശതമാനം കൂടി.

കാറുകള്‍ക്ക് 10 രൂപ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധന. ഒരുമാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും വര്‍ധനയുണ്ട്. യുഎസ്, കാനഡ, റഷ്യ തുടങ്ങിയ വാതക മിച്ച രാജ്യങ്ങളില്‍ നിലവിലുള്ള നിരക്കുകളെ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും ഏപ്രില്‍ 1, ഒക്ടോബര്‍ 1 തിയ്യതികളില്‍ സര്‍ക്കാര്‍ ഓരോ ആറ് മാസത്തിലും പാചക വാതക വില പുതുക്കി നിശ്ചയിക്കുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ സിഎന്‍ജി, പാചകവാതക നിരക്കുകളില്‍ 10-15 ശതമാനം വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it