Sub Lead

കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ ഘട്ടംഘട്ടമായി മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവൂ; മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍ മേധാവി

ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കരുത്. ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമാവണം നല്‍കേണ്ടത്. കുറഞ്ഞ പോസിറ്റീവിറ്റി നിരക്ക്, മതിയായ വാക്‌സിനേഷന്‍, കൊവിഡിന് അനുയോജ്യമായ പെരുമാറ്റം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കാവൂ.

കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ ഘട്ടംഘട്ടമായി മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവൂ; മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍ മേധാവി
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍ മേധാവി രംഗത്ത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഐസിഎംആര്‍ നല്‍കുന്നത്. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കരുത്. ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമാവണം നല്‍കേണ്ടത്. കുറഞ്ഞ പോസിറ്റീവിറ്റി നിരക്ക്, മതിയായ വാക്‌സിനേഷന്‍, കൊവിഡിന് അനുയോജ്യമായ പെരുമാറ്റം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കാവൂ. പ്രതിവാര പോസിറ്റീവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാവുക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 70 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് (പ്രായമായവരും 45 വയസ്സിന് മുകളിലുള്ള രോഗികളും), കൊവിഡിന് ഉചിതമായ പെരുമാറ്റത്തില്‍ സമൂഹത്തിന്റെ ഉറപ്പ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം. ജില്ലാതലത്തില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇതിന് സുസ്ഥിര പരിഹാരമല്ല.

ലോക്ക് ഡൗണ്‍ വളരെ സാവധാനത്തിലായിരിക്കണം ലഘൂകരിക്കേണ്ടത്- അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ഭാര്‍ഗവയുടെ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ പ്രസക്തമാവുകയാണ്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയിരുന്നെങ്കിലും നിര്‍മാണ, ഉത്പാദന ബിസിനസുകള്‍ക്ക് വ്യവസ്ഥകളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു. നഗരത്തിലെ പോസിറ്റീവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ്. തിങ്കളാഴ്ച മുതല്‍ ഉത്തര്‍പ്രദേശില്‍ 600 ല്‍ താഴെ കേസുകളുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ദേശീയ തലത്തില്‍ പോസിറ്റീവിറ്റി നിരക്ക് 8.3 ശതമാനമാണ്. ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെയുള്ള കാലയളവില്‍ 21.39 ശതമാനമായിരുന്നു ഇത്. മെയ് 31 ന് അവസാനിച്ച ആഴ്ചയില്‍ 344 ജില്ലകളില്‍ അഞ്ചുശതമാനത്തില്‍ താഴെ പോസിറ്റീവിറ്റി നിരക്ക് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it