Big stories

ലോകായുക്ത ഓര്‍ഡിനന്‍സ്;സര്‍ക്കാര്‍ നിലപാടിനെതിരേ സിപിഐയും രംഗത്ത്

ഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്

ലോകായുക്ത ഓര്‍ഡിനന്‍സ്;സര്‍ക്കാര്‍ നിലപാടിനെതിരേ സിപിഐയും രംഗത്ത്
X

തിരുവനന്തപുരം:ലോകായുക്ത ഓര്‍ഡിനന്‍സിനെ ചെല്ലി ഇടത് മുന്നണിയിലും ഭിന്നത.മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ആണ് സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്.ഭരണ പ്രതിപക്ഷ വാക്‌പോര് തുടരുന്നതിനിടേയാണ് ഇടത് മുന്നണിയിലും ഭിന്നത ഉണ്ടായിരിക്കുന്നത്.

ഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്.നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നെന്നും കാനം ചൂണ്ടിക്കാട്ടി. ലോകായുക്ത മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കും മുന്‍പ് കേരളം കൊണ്ടുവന്നതാണ്. ലോകായുക്ത 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് എത്തി. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധിസംഘം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെ ഇതിനായി പ്രതിപക്ഷ നേതാവ് അനുമതിതേടി. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കൈപിടിയിലൊതുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ വ്യാമോഹത്തിന്റെ അവസാന ഉദ്ദാഹരണമാണ് ഇതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it