Top

തദ്ദേശ തിരഞ്ഞെടുപ്പ്: ലക്ഷ്യത്തിനടുത്ത് പോലുമെത്തിയില്ല; ബിജെപിയില്‍ കെ സുരേന്ദ്രനെതിരേ വീണ്ടും പടയൊരുക്കം

തദ്ദേശ തിരഞ്ഞെടുപ്പ്: ലക്ഷ്യത്തിനടുത്ത് പോലുമെത്തിയില്ല; ബിജെപിയില്‍ കെ സുരേന്ദ്രനെതിരേ വീണ്ടും പടയൊരുക്കം
X
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ നേട്ടമുണ്ടാക്കാമെന്ന ബിജെപി മോഹം തകര്‍ന്നടിഞ്ഞതിനു പിന്നാലെ പാര്‍ട്ടിയില്‍ പടയൊരുക്കം. ആറായിരത്തോളം വാര്‍ഡുകളും നൂറു പഞ്ചായത്തുകളും നേടാമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് അടുത്തുപോലും എത്താനായില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ കേരളത്തിലും അടിയൊഴുക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫിലും വിള്ളലുണ്ടാക്കാമെന്നു കരുതിയെങ്കിലും അതെല്ലാം അസ്ഥാനത്തായി. 6000ത്തോളം വാര്‍ഡുകള്‍ പിടിക്കാമെന്നു കരുതിയ സ്ഥലത്താണ് 1600 വാര്‍ഡുകളില്‍ ഒതുങ്ങിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്(1321) നേരിയ നേട്ടമുണ്ടായെങ്കിലും ദേശീയതലത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ലെന്ന വിലയിരുത്തലാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നടത്തുന്നത്. മാത്രമല്ല, ഭരണകക്ഷിയായ സിപിഎമ്മിനെ കെ സുരേന്ദ്രന്‍ നിരന്ത്രം കടന്നാക്രമിച്ചിട്ടും അതിന്റെ പ്രതിഫലനമുണ്ടായില്ലെന്നു മാത്രമല്ല, എല്‍ഡിഎഫ് നേട്ടമുണ്ടാക്കുകയും ചെയ്തത് ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.

എന്‍ആര്‍സി, സിഎഎ വിഷയത്തോടെ കേരളത്തില്‍ ബിജെപിക്കെതിരേ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. മുസ് ലിം വിഭാഗത്തില്‍ മാത്രമല്ല, ഇതര മതസ്ഥര്‍ക്കിടയിലും ബിജെപിക്കെതിരായ അമര്‍ഷം ഉയര്‍ന്നിരുന്നെങ്കിലും എ പി അബ്ദുല്ലക്കുട്ടിയുടെ വരവും മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുസ് ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താനായതും ബിജെപി ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിന്റെ യാതൊരു പ്രതിഫലനവും കണ്ടില്ലെന്നതാണു യാഥാര്‍ത്ഥ്യം. മാത്രമല്ല, എ പി അബ്ദുല്ലക്കുട്ടിയുടെ സഹോദരന് സ്വന്തം നാട്ടില്‍ 20 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും കനത്ത തിരിച്ചടിയാണ്. ഇതേ വാര്‍ഡില്‍ നിന്നു ബിജെപിയുടെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടിന്റെ കാല്‍ ഭാഗം പോലും അബ്ദുല്ലക്കുട്ടിയുടെ സഹോദരന് ലഭിച്ചിട്ടില്ലെന്നതാണു യാഥാര്‍ത്ഥ്യം. തട്ടമിട്ടവരെയും തൊപ്പിയിട്ടവരെയും സ്ഥാനാര്‍ഥികളാക്കിയും പരിപാടികളില്‍ പങ്കെടുപ്പിച്ചും മുസ് ലിം കള്‍ക്കിടയിലേക്കു കുടിയേറാമെന്ന സംഘപരിവാര മോഹങ്ങളെ ജനം തുടക്കത്തില്‍ തന്നെ ആട്ടിയോടിച്ചു. മാത്രമല്ല, എസ്ഡിപി ഐ ഉള്‍പ്പെടെയുള്ളവര്‍ ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മല്‍സരത്തില്‍ നിന്നു പിന്‍മാറി ജയസാധ്യതയുള്ളവര്‍ക്ക് മുന്നണി വ്യത്യാസമില്ലാതെ വോട്ട് നല്‍കിയതും വാര്‍ഡുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലുള്‍പ്പെടെ ഇത് പ്രകടമായിട്ടുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശബ്ദമുയര്‍ന്നതു ബിജെപിക്ക് വരുംകാലങ്ങളിലും തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള കുപ്രചാരണങ്ങളിലൂടെ ഒരു വിഭാഗം ക്രിസ്ത്യന്‍ സഭകളെ തങ്ങള്‍ക്കൊപ്പം കൂട്ടിയതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നതും ഫലിച്ചില്ല. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ എല്‍ഡിഎഫിനു നേട്ടമുണ്ടായെന്നല്ലാതെ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. മുന്നണി എന്ന നിലയില്‍ എന്‍ഡിഎ വന്‍ പരാജയമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം ദേശീയ നേതൃത്വത്തെ തന്നെ അറിയിക്കാനാണ് ചില നേതാക്കളുടെ തീരുമാനമെന്നാണു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ളവ ഉണ്ടായാലും അല്‍ഭുതപ്പെടാനാവില്ല. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ലെന്നും പാര്‍ട്ടി ഏറെ വളരാനുണ്ടെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്നെ തുറന്നടിച്ചിരുന്നു. ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയും സമാനരീതിയിലുള്ള പരാമര്‍ശമാണു നടത്തിയത്. ബിജെപി നേട്ടമുണ്ടാക്കിയെന്ന കെ സുരേന്ദ്രന്റെ അവകാശവാദം കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും തള്ളി. കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായ ശേഷം ഉടക്കിനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ പക്ഷം അവസരം ഉപയോഗിച്ച് സുരേന്ദ്രനേതെരേ ആഞ്ഞടിക്കാനാണു ശ്രമിക്കുന്നത്.

Local body elections: another war against K Surendran in BJP

Next Story

RELATED STORIES

Share it