Sub Lead

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ബിജെപിയുടെ രണ്ടും യുഡിഎഫിന്റെ മൂന്നും സീറ്റുകള്‍ പിടിച്ചെടുത്തു

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ബിജെപിയുടെ രണ്ടും യുഡിഎഫിന്റെ മൂന്നും സീറ്റുകള്‍ പിടിച്ചെടുത്തു
X
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. 10 സീറ്റുകളില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫും മൂന്നിടത്ത് ബിജെപിയും ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും ജയിച്ചു. എല്‍ഡിഎഫിന് നേരത്തേ നാല് സീറ്റുകളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ അഞ്ച് സീറ്റുകള്‍ അധികമായി നേടി. 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് നാലു സീറ്റുകള്‍ നഷ്ടമായി. നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലേ ജയിക്കാനായുള്ളു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ രണ്ടു സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. വെള്ളാര്‍ വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാര്‍ഡില്‍ സിപിഎമ്മിന്റെ ഒ ശ്രീജല 60 വോട്ടിന് ജയിച്ചു. ഇവ രണ്ടും ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. നെടുമ്പാശ്ശേരി 14ാം വാര്‍ഡ് കല്‍പകയില്‍ യുഡിഎഫ് തോറ്റതോടെ പഞ്ചായത്ത് ഭരണം നഷ്ടമായി. 98 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എസ് അര്‍ച്ചന ജയിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം കാരണം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സന്ധ്യാ നാരായണപിള്ള രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

അതിനിടെ, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ടൗണ്‍ വാര്‍ഡില്‍ യുഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 72 വോട്ടിന് പരാജയപ്പെടുത്തി ബിജെപിയുടെ എ മധുസൂദനനാണ് ജയിച്ചത്. ഇതോടെ മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നടരാജന്‍ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ മമ്മാക്കുന്നിലും യുഡിഎഫ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ഥി എ സി നസിയത്ത് ബീവി 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. യു.ഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി പി ഷമീമയ്ക്ക് 415 വോട്ടുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി 55 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. എസ്ഡിപിഐ സ്ഥാനാര്‍ഥി ജംസീന 105 വോട്ടും ബിജെപി സ്ഥാനാര്‍ഥി കെ സീമ 79 വോട്ടുകളും നേടി. യുഡിഎഫ് മെംബര്‍ എം റീജയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.


Next Story

RELATED STORIES

Share it