Sub Lead

ജീവന്‍ അപകടത്തിലാക്കാവുന്ന കുടിവെള്ള തട്ടിപ്പിന് കടിഞ്ഞാണിടണം: എസ് ഡിപിഐ

ജീവന്‍ അപകടത്തിലാക്കാവുന്ന കുടിവെള്ള തട്ടിപ്പിന് കടിഞ്ഞാണിടണം: എസ് ഡിപിഐ
X

കൊച്ചി: ജില്ലയിലെ കുടിവെള്ള വിതരണം നിയന്ത്രിക്കുന്നത് ജല മാഫിയകളാണെന്നും ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന കുടിവെള്ള വിതരണത്തിലെ തട്ടിപ്പിനും അഴിമതിക്കും കടിഞ്ഞാണിടണമെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എറണാകുളം ജില്ലയില്‍ 15 ലക്ഷത്തോളം ജനങ്ങള്‍ക്കായി 3.5 കോടി ലിറ്റര്‍ വെള്ളമാണ് സ്വകാര്യ ഏജന്‍സികള്‍ ദിനംപ്രതി ടാങ്കറുകള്‍ വഴി വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. പഞ്ച നക്ഷത്ര ഹോട്ടലുകളിലേക്കും ആശുപത്രികളിലേക്കും പ്രമുഖ മാളുകളിലേക്കും മലിന ജലം വിതരണം നടക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തന്നെ പുറത്തു വിട്ടിട്ടുണ്ട്.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 512 ടാങ്കറുകളില്‍ ഭൂരിപക്ഷം ടാങ്കറുകളും വെള്ളം ശേഖരിക്കുന്ന കേന്ദ്രവും എടയാര്‍ വ്യവസായിക വകുപ്പിന്റെ ചുവപ്പ് പട്ടികയില്‍ പെട്ടിട്ടുള്ള 92 കമ്പനികള്‍ പുറത്തുവിടുന്ന അതിമാരക വിഷ മാലിന്യം തള്ളുന്ന പോയിന്റും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം പോലുമില്ല. ഈ ജല വിതരണ കേന്ദ്രത്തില്‍ ആവശ്യമായ ഫില്‍റ്ററിങ് നടക്കുന്നില്ല. നടത്തിപ്പ് ലൈസന്‍സ് പോലും ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. ജല അതോറിറ്റിയുടെ വെള്ളത്തിനു പകരം പെരിയാറില്‍ നിന്ന് മലിനജലം സ്വകാര്യ ഹോട്ടലുകള്‍ക്ക് നല്‍കി അവര്‍ക്ക്ജല അതോറിറ്റിയുടെ ബില്ല് നല്‍കുന്ന ഏജന്‍സികള്‍ വരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

ജില്ലയില്‍ ദിവസവും സ്വകാര്യ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന 3.5 കോടി ലിറ്റര്‍ ടാങ്കര്‍ വെള്ളത്തിന്റെ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്തിലൂടെ ശരാശരി ലിറ്ററിന് 70 പൈസ നിരക്കില്‍ ഒരു ദിവസം 2.50 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് ലഭിക്കും. ഈ ജലം സര്‍ക്കാരിന് തന്നെ വിതരണം ചെയ്യാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ നിലവിലുണ്ട്. ജല അതോറിറ്റിയുടെ യുടെ ആലുവ, മരട് എന്നീ പോയിന്റുകളില്‍ നിന്ന് മാത്രം 4 കോടി ലിറ്റര്‍ വെള്ളം ദിനംപ്രതി വിതരണം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയും. ഇതിനു പുറമെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നോര്‍ത്ത് പറവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം പള്ളിമുക്ക് എന്നിവിടങ്ങളില്‍ നിന്നും വിതരണം സാധ്യമാണ്. എന്നിരിക്കെ സ്വകാര്യ ഏജന്‍സികളുടെ മലിന ജലം ജനങ്ങളെ കുടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ന്യായമായ പങ്കുണ്ട്. എറണാകുളം ജില്ലയിലെ കുടിവെള്ള വിതരണം സര്‍ക്കാര്‍ നിയന്ത്രണത്തിലായാല്‍ കോടികളുടെ വരുമാനംദിനം പ്രതി വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കും. നിലവില്‍ വാട്ടര്‍ അതോറിറ്റിയും സര്‍ക്കാരും കടന്നുപോവുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകുന്നതാണ് വിതരണം ഏറ്റെടുക്കുന്നത്.

തിരുവനന്തപുരം മോഡല്‍ സര്‍ക്കാര്‍ നിയന്ത്രിത കുടിവെള്ള വിതരണം നടക്കാതിരിക്കാന്‍ ജല വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്.അത്തരത്തില്‍ മരടില്‍ ആരംഭിച്ച ജലവിതരണ കേന്ദ്രം തിരിഞ്ഞു നോക്കാതെ 80 ലക്ഷത്തില്‍ പരം വില വരുന്ന പമ്പുകളും മറ്റും നശിച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഈ മേഖലയില്‍ കടന്നു വരരുതെന്ന് ആര്‍ക്കാണ് താല്പര്യമെന്ന് വ്യക്തമാകേണ്ടതുണ്ട്.ജലവിതരണം സര്‍ക്കാര്‍ ഏറ്റടുക്കുന്നത്തിലൂടെ ഈ മേഖലയിലെ വിതരണക്കാരെ ബാധിക്കില്ല. പകരം ആവശ്യത്തിന് ഫില്‍റ്ററിങ് നടത്തിയ മാലിന്യം കലരാത്ത ശുദ്ധ ജലം സ്വകാര്യ ഏജന്‍സികളിലൂടെ വിതരണം ചെയ്യുകയാണ് തിരുവനന്തപുരത്തു ചെയ്യുന്നത്. കുടിവെള്ള വിതരണത്തില്‍ ഇതുവരെ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണം. ജില്ലയിലെ കുടിവെള്ള വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും മാലിന്യം കലരാത്ത ശുദ്ധ ജലം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തിരുവനന്തപുരം മോഡല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള സംവിധാനം നടപ്പിലാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെഎ മുഹമ്മദ് ഷമീര്‍, കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിക്ക് എലൂക്കര, എറണാകുളം മണ്ഡലം പ്രസിഡന്റ് സിറാജ് കോയ സംബന്ധിച്ചു.

Next Story

RELATED STORIES

Share it