Big stories

എം കെ രാഘവനെതിരേ വീണ്ടും പരാതി; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്ന് എല്‍ഡിഎഫ്

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാരോപിച്ചാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എം കെ രാഘവന്‍ പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ അഗ്രോ ഇന്‍കോ സൊസൈറ്റിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവച്ചെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

എം കെ രാഘവനെതിരേ വീണ്ടും പരാതി; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്ന് എല്‍ഡിഎഫ്
X

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരേ വീണ്ടും പരാതിയുമായി എല്‍ഡിഎഫ് രംഗത്ത്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാരോപിച്ചാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എം കെ രാഘവന്‍ പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ അഗ്രോ ഇന്‍കോ സൊസൈറ്റിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവച്ചെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

സൊസൈറ്റിയിലെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ല. 29.22 കോടി രൂപ സൊസൈറ്റിക്ക് കടബാധ്യതയുണ്ട്. സൊസൈറ്റിയുമായി ബന്ധപ്പെട്ട് ചില വിജിലന്‍സ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതൊന്നും നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. നാമനിര്‍ദേശ പത്രിക റദ്ദാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയിലെ ആവശ്യം. എല്‍ഡിഎഫിനുവേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ. പി എ മുഹമ്മദ് റിയാസാണ് റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ ഹിന്ദി ചാനലായ ടിവി-9 നടത്തിയ ഒളികാമറ ഓപറേഷനെ സംബന്ധിച്ചും എം കെ രാഘവനെതിരേ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.

സിംഗപ്പൂര്‍ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലമേറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് എംപി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫിസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച എം കെ രാഘവന്‍, ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നാരോപിച്ച് ചാനലിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it