Sub Lead

''ഹിന്ദു വിവാഹവ്യവസ്ഥകള്‍ ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു''; ഉത്തരാഖണ്ഡിലെ ഏകസിവില്‍കോഡിനെതിരെ ഹൈക്കോടതില്‍ ഹരജി

ഹിന്ദു വിവാഹവ്യവസ്ഥകള്‍ ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു; ഉത്തരാഖണ്ഡിലെ ഏകസിവില്‍കോഡിനെതിരെ ഹൈക്കോടതില്‍ ഹരജി
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകസിവില്‍ കോഡിനെതിരെ ഹൈക്കോടതിയില്‍ ഹരജി. നിയമത്തിലെ വിവാഹം, വിവാഹമോചനം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് എന്നിവയെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ആരൂഷി ഗുപ്ത എന്ന അഭിഭാഷകയാണ് ഹരജി നല്‍കിയിരിക്കുന്നത്. വിവാഹവും വിവാഹമോചനവും സംബന്ധിച്ച മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക ആചാരങ്ങളെ അവഗണിക്കുകയും അവരുടെ മേല്‍ ഹിന്ദു വിവാഹനിയമത്തിലെ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതാണ് നിയമമെന്നും അത് വിവേചനമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു വിവാഹ നിയമത്തിലെ 3(1)(ജി) വകുപ്പു പ്രകാരമുള്ള നിഷിദ്ധ ബന്ധങ്ങളെ മുസ്‌ലിംകള്‍ക്കും പാര്‍സികള്‍ക്കും ബാധകമാക്കുകയാണ് ഏകസിവില്‍ കോഡ് ചെയ്തിരിക്കുന്നത്. ഒരു പുരുഷനും പിതാവിന്റെ സഹോദരിയുടെ മകളും, ഒരു പുരുഷനും പിതാവിന്റെ സഹോദരന്റെ മകളും, ഒരു പുരുഷനും അമ്മയുടെ സഹോദരന്റെ മകളും, ഒരു പുരുഷനും അമ്മയുടെ സഹോദരിയുടെ മകളും തമ്മിലുള്ള വിവാഹം മുസ്‌ലിംകള്‍ക്കും പാര്‍സികള്‍ക്കും നിഷിദ്ധമല്ല. പക്ഷേ, ഏകസിവില്‍കോഡ് അത് നിയമവിരുദ്ധമാക്കിയിരിക്കുകയാണ്. മതസ്വാതന്ത്ര്യവും അവകാശങ്ങളും സാമൂഹിക ആചാരങ്ങളും ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ഭരണഘടനയുടെ വിവിധ അനുഛേദങ്ങളുടെ ലംഘനമാണ് അത്. സാമൂഹിക ആചാരത്തിന്റെ ഭാഗമായുള്ള ''നിഷിദ്ധബന്ധങ്ങള്‍'' രജിസ്റ്റര്‍ ചെയ്യാമെങ്കിലും പൊതുനയത്തിനും ധാര്‍മികതക്കും അനുസരിച്ച് മാത്രമേ അതു പാടുള്ളൂയെന്നുമാണ് ഏകസിവില്‍കോഡിലെ 4(4) വകുപ്പു പറയുന്നത്. ഇത് വിവാഹ രജിസ്‌ട്രേഷനില്‍ ഭരണകൂടം യുക്തിരഹിതമായി ഇടപെടുന്നതാണ്.

നിയമപ്രകാരം അംഗീകരിക്കപ്പെട്ട ബഹുഭാര്യത്വം രജിസ്റ്റര്‍ ചെയ്യാമെന്ന് ഏകസിവില്‍ കോഡിലെ 9(3)(ഇ)2) വ്യവസ്ഥ പറയുന്നുണ്ട്. എന്നാല്‍, ബഹുഭാര്യത്വം സാമൂഹിക ആചാരവുമായി ബന്ധപ്പെട്ട കാര്യമാണ്. അതിലേക്കും നിയമം കടന്നുവന്നിരിക്കുകയാണെന്നും ഹരജി പറയുന്നു.

Next Story

RELATED STORIES

Share it