Sub Lead

ലാവ്‌ലിന്‍ കേസ്: അന്തിമവാദം ഏപ്രിലില്‍

ഹോളി അവധിക്ക് ശേഷം കേസില്‍ അന്തിമവാദം തുടങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ വി ഗിരി കോടതിയെ അറിയിച്ചു

ലാവ്‌ലിന്‍ കേസ്: അന്തിമവാദം ഏപ്രിലില്‍
X

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസിന്റെ അന്തിമവാദം ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ കേള്‍ക്കുമെന്ന് സുപ്രിംകോടതി. തിയ്യതി പിന്നീട് അറിയിക്കും. കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നു സുപ്രിംകോടതി അറിയിച്ചു. ഇന്നുതന്നെ വാദം കേള്‍ക്കാന്‍ തയ്യാറെന്നും ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. അഭിഭാഷകര്‍ തയ്യാറാണെങ്കില്‍ ഉടന്‍ വാദം കേള്‍ക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ സൗകര്യമനുസരിച്ചു എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നും വിശദമായി വാദം കേള്‍ക്കണമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇന്ന് വാദം നടക്കില്ലെന്നും കൂടുതല്‍ സമയം എടുക്കുന്ന കേസാണിതെന്നുമാണ് നിയമോപദേശകന്‍ തുഷാര്‍ മേഹ്ത പറഞ്ഞത്. ഇതോടെ, കേസ് നീട്ടണമെങ്കില്‍ ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കാമെന്ന് കോടതി പറഞ്ഞു. അതേസമയം, ഹോളി അവധിക്ക് ശേഷം കേസില്‍ അന്തിമവാദം തുടങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ വി ഗിരി കോടതിയെ അറിയിച്ചു. എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസില്‍ പിണറായി ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യര്‍, കെ ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹരജികളുമാണ് കോടതി മുമ്പാകെയുള്ളത്. അന്തിമവാദം എപ്പോള്‍ തുടങ്ങാമെന്ന കാര്യം ജനുവരി രണ്ടാം വാരം അറിയിക്കാമെന്ന് നവംബര്‍ രണ്ടിന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. അതിനുശേഷം ഇന്നാണ് കോടതി കേസ് പരിഗണിച്ചത്. തന്റെ കക്ഷിക്ക് അനുകൂലമായി രണ്ടു കോടതികളുടെ വിധികളുണ്ടെന്നും ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നും പിണറായി വിജയനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വാദം കേട്ട് അപ്പീലുകള്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.


Next Story

RELATED STORIES

Share it