Sub Lead

ബിജെപിയോട് പിണങ്ങിയ ആള്‍ദൈവത്തിന്റെ ആശ്രമം സര്‍ക്കാര്‍ തകര്‍ത്തു

ബിജെപി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന 'കംപ്യൂട്ടര്‍ ബാബ'യുടെ ആശ്രമമാണ് പൊളിച്ചത്

ബിജെപിയോട് പിണങ്ങിയ ആള്‍ദൈവത്തിന്റെ ആശ്രമം സര്‍ക്കാര്‍ തകര്‍ത്തു
X

ഇന്‍ഡോര്‍: ബിജെപിയോട് പിണങ്ങിയ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ ആശ്രമം ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ തകര്‍ത്തു. ശിവരാജ് സിങ് ചൗഹാന്റെ ബിജെപി മന്ത്രിസഭയില്‍ സഹമന്ത്രിയുമായിരുന്ന 'കംപ്യൂട്ടര്‍ ബാബ' എന്നറിയപ്പെടുന്ന നാംദേവ് ത്യാഗിയുടെ ആശ്രമമാണ് അനധികൃത കൈയേറ്റം ആരോപിച്ച് പൊളിച്ചുമാറ്റിയത്. നാംദേവ് ത്യാഗിയെയും ആശ്രമത്തിലെ പ്രധാനികളായ ആറുപേരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് 40 ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ആശ്രമം പൊളിച്ചുനീക്കിയത്. ആശ്രമത്തിനു സമീപത്തെ രണ്ടേക്കറോളം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറുകയും നിര്‍മാണം നടത്തുകയും ചെയ്തതിനാലാണ് പൊളിച്ചുമാറ്റിയതെന്നു അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് അജയ് ദേവ് ശര്‍മ പറഞ്ഞു. നേരത്തേ, റവന്യൂ വിഭാഗം ആശ്രമം അധികൃതര്‍ക്ക് കൈയേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിരന്തരം അവഗണിക്കുകയായിരുന്നെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ശിവരാജ് സിങ് ചൗഹാന്റെ ബിജെപി സര്‍ക്കാരില്‍ കംപ്യൂട്ടര്‍ ബാബ ഉള്‍പ്പെടെ അഞ്ച് സന്ന്യാസിമാര്‍ക്ക് മന്ത്രി പദവി നല്‍കിയിരുന്നു. നര്‍മദാ നദി നവീകരണവുമായി ബന്ധപ്പെട്ട ചുമതലകളാണ് ഇവര്‍ക്കു നല്‍കിയിരുന്നത്. എന്നാല്‍ ചുമതലയേറ്റ് ആറുമാസം കൊണ്ട് പദവി രാജിവച്ച കംപ്യൂട്ടര്‍ ബാബ ഡിസംബറില്‍ പരസ്യമായി കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ, കമല്‍നാഥ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന നദി സംരക്ഷണ ട്രസ്റ്റിന്റെ ചെയര്‍മാനാക്കി. കമല്‍നാഥ് സര്‍ക്കാര്‍ വീണതോടെയാണ് വീണ്ടും കംപ്യൂട്ടര്‍ ബാബയ്‌ക്കെതിരേ നടപടിയുണ്ടായത്. എന്നാല്‍, ആശ്രമം പൊളിച്ചുമാറ്റിയ സ്ഥലത്ത് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗോശാല നിര്‍മിക്കാനാണു നീക്കമെന്നും റിപോര്‍ട്ടുകളുണ്ട്.

'Land encroachment': Computer Baba held, his ashram demolished

Next Story

RELATED STORIES

Share it