Sub Lead

'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ആമിര്‍ ഖാനെതിരേ പരാതി

'ലാല്‍ സിങ് ഛദ്ദ' എന്ന ചിത്രം ഇന്ത്യന്‍ സൈന്യത്തെയും മത വികാരവും വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാല്‍ സിങ് ഛദ്ദ: സൈന്യത്തെയും മതവികാരത്തെയും   വ്രണപ്പെടുത്തിയെന്ന്; ആമിര്‍ ഖാനെതിരേ പരാതി
X

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടന്‍ ആമിര്‍ ഖാനെതിരേ പോലിസില്‍ പരാതി. അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പോലിസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് പരാതി നല്‍കിയത്. 'ലാല്‍ സിങ് ഛദ്ദ' എന്ന ചിത്രം ഇന്ത്യന്‍ സൈന്യത്തെയും മത വികാരവും വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ലാല്‍ സിങ് ഛദ്ദ'യില്‍ ആക്ഷേപകരമായ നിരവധി ഉള്ളടക്കങ്ങളുണ്ടെന്നും ആരോപണമുണ്ട്.കൂടാതെ, ആമിര്‍ ഖാന്‍, സംവിധായകന്‍ അദൈ്വത് ചന്ദന്‍, പാരാമൗണ്ട് പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍ ഹൗസ് എന്നിവര്‍ക്കെതിരേയും പരാതിയുണ്ട്. ഐപിസി സെക്ഷന്‍ 153, 153 എ, 298, 505 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടാന്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെ ഇന്ത്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി ഈ സിനിമയില്‍ കാണിക്കുന്നു. കാര്‍ഗില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികരെയാണ് അയച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കഠിനമായ പരിശീലനത്തിന് ശേഷമാണ് സൈനികര്‍ യുദ്ധത്തിന് പോയത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ഈ സാഹചര്യം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലൂടെ ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഒരു വിഭാഗത്തിന്റെ ബഹിഷ്‌ക്കണാഹ്വാനങ്ങള്‍ക്കിടെ ആഗസ്ത് 11നാണ് ലാല്‍ സിംഗ് ഛദ്ദ തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. വെള്ളിയാഴ്ച ഏഴ് കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ ഏകദേശം 19 കോടി രൂപ വരും. 1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ.


Next Story

RELATED STORIES

Share it