Sub Lead

വയനാട്ടില്‍ രാഹുലിന് റെക്കോര്‍ഡ്; ഏഴ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ലക്ഷം കടന്നു

66.54 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം 2,83,089 വോട്ടുകളാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. 4,66,002 വോട്ടുകളാണ് രാഹുലിന് മണ്ഡലത്തില്‍ ലഭിച്ചത്. രാഹുലിന്റെ ഭൂരിപക്ഷം ഇനിയും ഉയരാനാണ് സാധ്യത.

വയനാട്ടില്‍ രാഹുലിന് റെക്കോര്‍ഡ്; ഏഴ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ലക്ഷം കടന്നു
X

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷം. 66.54 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം 2,83,089 വോട്ടുകളാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. 4,66,002 വോട്ടുകളാണ് രാഹുലിന് മണ്ഡലത്തില്‍ ലഭിച്ചത്. രാഹുലിന്റെ ഭൂരിപക്ഷം ഇനിയും ഉയരാനാണ് സാധ്യത. രണ്ടാംസ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന് 1,82,913 വോട്ടുകളാണ് നേടാനായത്.

വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ഏഴ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷമാണ് ഒരുലക്ഷം കടന്നത്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഭൂരിപക്ഷം രണ്ടുലക്ഷത്തിന് മുകളിലെത്തി. 89.13 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,34,269 വോട്ടുകളായി. ആകെ 5,25,091 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. തൊട്ടുപിന്നിലുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 2,90,822 വോട്ടുകളും ലഭിച്ചു. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദിന്റെ ഭൂരിപക്ഷം 1,36,412 വോട്ടുകളാണ്.

78.07 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇ ടിക്ക് 3,97,278 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് 2,60,866 വോട്ടുകളാണ് നേടാനായത്. കടുത്ത പോരാട്ടം കാഴ്ചവച്ച ആലത്തൂരിലെ യുഡിഎഫിന്റെ രമ്യാ ഹരിദാസിന്റെ ഭൂരിക്ഷം 1,58,302 ആണ്. 99.56 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ രമ്യയ്ക്ക് 5,30,557 വോട്ടുകളും രണ്ടാംസ്ഥാനത്തെത്തിയ എല്‍ഡിഎഫിന്റെ സിറ്റിങ് എംപി പി കെ ബിജുവിന് 3,72,255 വോട്ടുകളും കിട്ടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എറണാകുളത്തെ യുഡിഎഫിന്റെ ഹൈബി ഈഡനും 1,55,520 വോട്ടുകളുമായി ഭൂരിപക്ഷവുമായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

94.32 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഹൈബിക്ക് 4,58,001 വോട്ടുകളും തൊട്ടുപിന്നിലുള്ള എല്‍ഡിഎഫിന്റെ പി രാജീവിന് 3,02,481 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇടുക്കിയില്‍ സിറ്റിങ് എംപി ജോയ്‌സ് ജോര്‍ജിന് കനത്ത തിരിച്ചടി നല്‍കിയാണ് യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസ് 1,71,050 വോട്ടിന്റെ ശ്രദ്ധേയമായ ഭൂരിപക്ഷം കൈവരിച്ചത്. 99.85 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഡീനിന് 4,97,422 വോട്ടുകളും എല്‍ഡിഎഫിന്റെ ജോയ്‌സ് ജോര്‍ജിന് 3,26,372 വോട്ടുകളുമാണ് കിട്ടിയത്.

കൊല്ലത്ത് യുഡിഎഫിന്റെ എന്‍ കെ പ്രേമചന്ദ്രനും അപ്രതീക്ഷിയ ഭൂരിപക്ഷമാണ് ലഭിച്ചത്. 78.07 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 1,15,422 വോട്ടുകളിലേക്ക് ഉയര്‍ത്താനായി. പ്രേമചന്ദ്രന് 3,87,246 വോട്ടുകളും രണ്ടാംസ്ഥാനത്ത് എല്‍ഡിഎഫിന്റെ കെ എന്‍ ബാലഗോപാലിന് 2,78,746 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാന്റെ ഭൂരിപക്ഷവും ലക്ഷത്തിലേക്ക് കടക്കുകയാണ്. 66.95 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ത്തന്നെ ബെന്നിയുടെ ഭൂരിപക്ഷം 93,557 വോട്ടുകളായി ഉയര്‍ന്നിരിക്കുകയാണ്.

Next Story

RELATED STORIES

Share it