Sub Lead

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ കരുക്കള്‍നീക്കി കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ശക്തം

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ കരുക്കള്‍നീക്കി കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ശക്തം
X

ന്യൂഡല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നീക്കം മുസ്്‌ലിം ലീഗിനുള്ളില്‍ ആഭ്യന്തര വഴക്ക് മൂര്‍ച്ഛിക്കാനിടയാക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്നുതന്നെ നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്. വേങ്ങര അല്ലെങ്കില്‍ മലപ്പുറം മണ്ഡലമാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യംവയ്ക്കുന്നത്. എന്നാല്‍, എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം രംഗത്തുണ്ട്. പാര്‍ട്ടിക്ക് വന്‍ ബാധ്യതയുണ്ടാക്കുന്ന ഒരു ഉപതിരഞ്ഞെടുപ്പ് കൂടി അഭിമുഖീകരിക്കേണ്ടി വരും. അത്തരത്തില്‍ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മല്‍സരിക്കുന്നത് എന്തിനാണെന്നാണ് സംസ്ഥാന നേതൃത്വത്തിനുള്ളില്‍ ഉയരുന്ന ചോദ്യം. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ രൂപപ്പെട്ട മഴവില്‍ സഖ്യങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് സ്വാധീനിക്കുക എന്നു തീര്‍ച്ചയില്ലാത്ത ഘട്ടത്തില്‍ പ്രത്യേകിച്ചും.

നിയമസഭയിലേക്ക് കണ്ണും നട്ടിരിക്കുന്ന ചിലരുടെയെങ്കിലും സ്വപ്‌നങ്ങള്‍ക്കു മുകളില്‍ കരിനിഴലാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മല്‍സരിക്കുകയാണെങ്കില്‍ റിബല്‍ സ്ഥാനാര്‍ഥിയാവുമെന്ന് പോലും ചില ലീഗ് നേതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. നേരത്തേ, ഇ ടി മുഹമ്മദ് ബഷീറിനെ കേരള രാഷ്ട്രീയത്തില്‍ നിന്നു പുകച്ച് പുറത്തുചാടിച്ചതും ഡല്‍ഹിയിലേക്കയച്ചതും കുഞ്ഞാലിക്കുട്ടിയാണെന്ന് ഒരു വിഭാഗം അണികള്‍ വിശ്വസിക്കുന്നത്. അതേ ഗതി തന്നെ കുഞ്ഞാലിക്കുട്ടിക്കും നേരിടേണ്ടി വന്നുവെന്നാണ് അവര്‍ കരുതുന്നത്. സംസ്ഥാന സര്‍ക്കാരിലെ വ്യവസായ മന്ത്രി കസേരയോളം ഗുണം ചെയ്യുന്നതല്ല ഡല്‍ഹിയിലെ എംപി സ്ഥാനമെന്ന് കുഞ്ഞാലിക്കുട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലേതു പോലെ ഡല്‍ഹിയില്‍ അദ്ദേഹത്തിന് തിളങ്ങാനുമായില്ല. ഇ ടി മുഹമ്മദ് ബഷീറാവട്ടെ പരിമിതകളെ മറികടന്ന് തിളങ്ങുന്നുമുണ്ട്. മുത്തലാഖ് വിഷയത്തിലടക്കം സഭയില്‍ ഹാജരാവാതിരുന്ന കുഞ്ഞാലിക്കുട്ടി ഏറെ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിച്ചപ്പോള്‍ മാത്രമാണ് കുഞ്ഞാലിക്കുട്ടി കാര്യമായി എന്തെങ്കിലും പറഞ്ഞത്.

സംസ്ഥാന നേതൃത്വത്തില്‍ ഭൂരിഭാഗവും കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പ് മണ്ഡലത്തിലെ ജനഹിതം തനിക്ക് അനുകൂലമാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞാലിക്കുട്ടി. ഇതിനെതിരേ മറുവിഭാഗവും ശക്തമായി രംഗത്തുണ്ട്. കേരളത്തില്‍ മുസ് ലിം ലീഗില്‍ സമീപകാലത്ത് കുഞ്ഞാലിക്കുട്ടിയെ മറികടന്നുള്ള പ്രവര്‍ത്തനങ്ങളാണ് ശക്തിപ്പെടുന്നത്. അതേസമയം തന്നെ മുസ് ലിം സംഘടനകളിന്‍മേലുള്ള സ്വാധീനത്തിനും ഉലച്ചിലുണ്ടായിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത വിളിച്ച ആദ്യയോഗം കുഞ്ഞാലിക്കുട്ടി ഇടപെട്ട് മാറ്റിയെങ്കിലും സമസ്ത തന്നെ ലീഗിനെ മുഖവിലയ്‌ക്കെടുക്കാതെ മഹാസമ്മേളനം നടത്തിയതും കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാണ്. മാത്രമല്ല, ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ കേരള സന്ദര്‍ശനത്തിനെതിരേ മുസ് ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ച ബ്ലാക്ക് വാള്‍ സമരം കുഞ്ഞാലിക്കുട്ടി ഇടപെട്ട് റദ്ദാക്കിയതിനെതിരേയും അണികളില്‍ അമര്‍ഷം ശക്തമാണ്. കറുത്ത മതില്‍ പ്രതിഷേധത്തിനു വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ച ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ സ്റ്റാഫിനെ പാര്‍ട്ടിയില്‍നിന്നു തന്നെ പുറത്താക്കുകയും ചെയ്തിരുന്നു. ഇ ടി മുഹമ്മദ് ബഷീറിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് ലത്തീഫ് രാമനാട്ടുകരയെയാണ് കഴിഞ്ഞ ദിവസം ലീഗില്‍നിന്നു പുറത്താക്കിയത്. ഇതും ലീഗിനുള്ളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണ്.

ദേശീയതലത്തില്‍ മുസ് ലിം സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും കൂടുതല്‍ ശക്തി നേടാന്‍ ശ്രമിക്കുന്ന അവസരത്തില്‍ പാര്‍ലിമെന്റ് അംഗമായ കുഞ്ഞാലിക്കുട്ടി സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നത് മുസ് ലിം രാഷ്ട്രീയശാക്തീകരണത്തേക്കാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന പ്രതീതി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. മുന്‍കാല നേതാക്കളില്‍ നിന്നു വിഭിന്നമായി ക്ലേശങ്ങള്‍ സഹിക്കാന്‍ മനസ്സില്ലാത്തതാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്ന വിമര്‍ശനവും ശക്തമാണ്. സമീപകാലത്തെ കുഞ്ഞാലിക്കുട്ടിയുടെ ഇത്തരം നീക്കങ്ങള്‍ മുസ് ലിം രാഷ്ട്രീയ ശാക്തീകരണത്തിനു തന്നെ തുരങ്കം വയ്ക്കുന്നതാണെന്ന ആക്ഷേപവും ശക്തമാണ്.


Next Story

RELATED STORIES

Share it